Wednesday, June 30, 2010

ടി.ബാലകൃഷ്ണന്റെ കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍

പ്ലാച്ചിമടയിലെ ജലദൗര്‍ലഭ്യത്തിന്റെ കാരണമെന്ത്? പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയതാര്? ഈ ചോദ്യങ്ങളുടെ ഉത്തരത്തെപ്പറ്റി വേറേ ആര്‍ക്കൊക്കെ സംശയമുണ്ടെങ്കിലും കേരളീയര്‍ക്ക് യാതൊരു സശയവുമില്ല. പക്ഷേ തെങ്ങ് നനക്കാന്‍ കര്‍ഷകര്‍ വെള്ളമൊഴിക്കുന്നതാണ് ജലദൗര്‍ലഭ്യത്തിന് കാരണമെന്നും കര്‍ഷകരും ആദിവാസികളുമാണ് ജലചൂഷകര്‍ എന്നും എഴുതിപ്പിടിക്കാന്‍ എത്രമാത്രം ചര്‍മ്മ സൗഭാഗ്യം വേണ്ടിവരും. ആ ചര്‍മ്മ സൗഭാഗ്യം ലഭിച്ചയാള്‍ കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി എന്നതാണ് നമ്മള്‍ കേരളീയരെ ലജ്ജിപ്പിക്കുന്നത്. കൊക്കോകോള തന്നെ വിഷമയമായ പദാര്‍ത്ഥമാണെന്നുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെ കാഡ്മിയവും ലഡും പോലെയുള്ള മാരക വസ്തുക്കള്‍ മാലിന്യമായി പുറം തള്ളുന്ന കോള അവ കര്‍ഷകര്‍ക്ക് ജൈവവളമെന്ന പേരില്‍ വിലക്ക് വിറ്റു കൃഷിയും മണ്ണും തകര്‍ത്തപ്പോള്‍ കോളക്കമ്പനി മലിനീകരണം നടത്തിയിട്ടില്ല എന്ന് പറഞ്ഞയാളിനെ എങ്ങനെ അംഗീകരിക്കാന്‍ കേരള ജനതക്ക് കഴിയും.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊക്കോകോള സ്തുതി കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ അദ്ദേഹത്തി്‌ന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് അന്ന് വ്യാഖ്യാനിച്ചത്.
 ഒരു വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ ഔദ്യോഗിക പരിപാടികളില്‍ ഛര്‍ദ്ദിച്ചു വയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യം നമുക്കു മറക്കാം. എന്നാല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച കെ.ജയകുമാര്‍ IAS അദ്ധ്യക്ഷനായ വിദഗ്ദ സമിതി മാസങ്ങള്‍ നീണ്ട പരിശ്രമ ഫലമായി പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്ടറി നടത്തിയ ജലചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കേരളത്തിലെ മറ്റെല്ലാ വകുപ്പുകളും മുഖ്യമന്ത്രിയും അംഗീകരിക്കുമ്പോള്‍ വ്യവസായ വകുപ്പിന്റെ അഭിപ്രായമായി ടി.ബാലകൃഷ്ണന്‍ കുറിച്ച വിയോജന നോട്ടുകളുടെ അര്‍്ത്ഥം എന്താണ്. ആദിവാസികളേയും കര്‍ഷകരേയും ജലചൂഷകരെന്ന് വ്യവസായവകുപ്പിന്റെ അഭിപ്രായമായി എഴുതിവെക്കാന്‍ ഈ ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു.  സ്വന്തമായി ചുട് ചോറ് കുട്ടിക്കുരങ്ങന്‍മാര്‍ വാരാറില്ലല്ലോ!. വ്യവസായ വകുപ്പിന്റെ നോട്ട് വായിക്കുമ്പോള്‍ തന്നെ അത് ബോധ്യപ്പെടും. പ്ലാച്ചിമട സമരം ബാഹ്യ ശക്തികള്‍ നടത്തിയ സമരമാണെന്ന് അതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഇതല്ലേ കിനാലൂരില്‍ നമ്മള്‍ വ്യവസായ മന്ത്രിയില്‍ നിന്ന് കേട്ട ശബ്ദം. കോഴിക്കോട്  അതേ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് കൊക്കോകോളയെ വാഴ്ത്തിയത് യാഥര്‍ശ്ചികമായി വന്നതല്ല. അതിലെ ഭാഷ വ്യവസായ മന്ത്രിയുടെ ഭാഷ തന്നെയാണ്. കുട്ടിച്ചാത്തന്‍ സേവക്കാര്‍ ചാത്തനെ ഉപയോഗിച്ച് ഇത്തരം പല അഭ്യാസങ്ങളും നടത്തുന്നതായി കഥകള്‍ കേട്ടിട്ടുണ്ട്. ഇവിടെ ബാലകൃഷ്ണനെക്കൊണ്ട് കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍ നടത്തുന്ന ചിലര്‍ മറക്ക് പിന്നിലിരുന്നു ചിരിക്കുന്നുണ്ട്. ഇത്തരം പാഴ്മരങ്ങളെ മാറ്റിനിര്‍ത്തുകയാണ് നാടിന് നല്ലത്. ഏതായാലും വന്‍മരങ്ങളുടെ തടസ്സവാദത്തെ തള്ളി പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണലിനെ നിശ്ചയിക്കാന്‍ തീരുമാനിച്ച മന്ത്രിസഭാ തീരുമാനം ആശാവഹമാണ്. ചാത്തന്‍മാരെ ഉപയോഗിച്ച് ഇത് മുടക്കാനുള്ള നീക്കം ഇനിയുമുണ്ടാകാം. കേരള ജനത ജാഗ്രത പാലിക്കുക