Tuesday, July 13, 2010

നിയമം അതിന്റെ വഴിക്ക് നടക്കട്ടെ അഥവാ നീതിയെ കുഴിയില്‍ മൂടട്ടെ

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നീതി വ്യവസ്ഥയുടെ ആപ്തവാക്യമായി അംഗീകരിക്കപ്പെട്ടത് ഉന്നതമായ നീതി ഉയര്‍ത്തിപ്പിടിക്കാനാണ്. എന്നാല്‍ ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധി എന്ന് കോടതി വിധിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും കാരാഗൃഹത്തിലേക്ക് തളക്കാനൊരുങ്ങുമ്പോള്‍ പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഒന്നാണ് നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന വാചകം. നിയമം അതിന്റെ വഴിക്ക് നടന്നതിന്റെ ഫലമാണല്ലോ കോയമ്പത്തൂരിലും സേലത്തുമായി അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഒന്‍പത്് വര്‍ഷം ചിലവഴിക്കേണ്ടി വന്നത്. അന്ന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസാണ് ദേശസുരക്ഷാ നിയമം ചാര്‍ത്തി അദ്ദേഹത്തെ തടവറയിലേക്ക് തള്ളിവിട്ടതെങ്കില്‍ ഇതാ മറ്റോരു സ്‌ഫോടന കേസുമായി ഇപ്പോള്‍ രംഗമൊരുക്കുന്നത് അന്ന് ജയലളിതയുടെ തമിഴ് നാടാണെങ്കില്‍ ഇന്ന് യദിയൂരപ്പ ഭരിക്കുന്ന കര്‍ണ്ണാടകയിലാണ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ബാഷയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് അന്ന് ആരോപിച്ചതെങ്കില്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി സംസാരിച്ചു എന്നതാണ് ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ കാരണം. അതിന് ഉപോദ്ബലകമായി പോലീസ് ചേര്‍ത്ത സാക്ഷിമൊഴികള്‍ മുഴുവന്‍ കളവാണെന്ന് കോടതിചേരുംമുമ്പ് തന്നെ പുറത്തായി എന്നതാണ് ഇതിന്റെ സവിശേഷത. സാധാരണ കോടതി മുറിയില്‍ വരുമ്പോഴാണ് സാക്ഷിമോഴികള്‍ വ്യാജമെന്ന തെളിയിക്കപ്പെടുന്നത്. ഇവിടെ മഅ്ദനി തടിയന്റവിടെ നസീറുമായി സംസാരിക്കുന്നത് കണ്ടു എന്ന് മൊഴികോടുത്ത സാക്ഷികളില്‍ ഒന്ന് ആലുവ സ്വദേശിയായ ഒരുവ്യക്തിയാണ്. കടുത്ത അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഡിസംബര്‍ 14 ന് മരിച്ച് ആവ്ക്തി പോലീസിന് മൊഴികൊടുത്തത് ഡിസം 11 ന് ആണത്രേ!. മരണത്തോട് മല്ലിട്ട് ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം 3 ദിവസം മുന്‍പ് ഇങ്ങനെ ഒരു മൊഴി കര്‍ണ്ണാടക പോലീസിന് കൊടുത്തു എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. മറ്റൊരു സാക്ഷി മഅ്ദനിയുടെ വാടക വീടിന്റെ ഉടമസ്ഥന്‍ ജോസ് വര്‍ഗ്ഗീസാണ്. മഅ്ദനിയും തടിയന്റവിട നസീറും സംസാരിക്കുന്നത് ഇദ്ദേഹം കേട്ടു എന്നതാണ് ആ മൊഴിയിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ജോസ് വര്‍ഗ്ഗീസ കര്‍ണ്ണാടക പോലീസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ചെയ്തിരിക്കുന്നു. ഒരു കേസ് കോടതിയില്‍ വിചാരണ തുടങ്ങും മുന്‍പ് ഒരു സാക്ഷി തന്റെ മൊഴി വ്യാജമായി ചേര്‍ത്തതാണെന്ന് പറഞ്ഞ് നിയമനടപടിക്കൊരുങ്ങുക എന്നത് ഇന്ത്യന്‍ നീതി ന്യായചരിത്രത്തിലെ പുതിയ ഒരു സംഭവമാണ്. 
മഅ്ദനിയുടെ അനുജന്‍ ജമാലിന്റേയും ഗുരുനാഥന്‍ അബൂബക്കര്‍ ഹസ്രത്തിന്റേയും പിതാവ് അബ്ദുസമദ് മാസ്റ്ററിന്റേയും മൊഴികളും വ്യാജമാണെന്ന് അവര്‍ പറയുന്നു. കര്‍ണ്ണാടക പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ മൊഴികൊടുത്തിട്ടില്ലെന്നും ഇവരെല്ലാം പറയമ്പോള്‍ ഇത് കോടതിയില്‍ വിചാരണയില്‍ നിലനില്ക്കുന്ന കേസല്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഇവിടെയാണ് നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന വാചകത്തിലെ അപകടം പുറത്താകുന്നത്.

കര്‍ണ്ണാടകയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടാണ് ഇപ്പോള്‍ മഅ്ദനിക്ക നേരേയുള്ളത്. കര്‍ണ്ണാടക ഭരിക്കുന്ന യദിയൂരപ്പ സര്‍ക്കാരിന്റെ നിലപാട് ഇ.ക്കാര്യത്തില്‍ എന്തായിരിക്കുമെന്നറിയാന്‍ പാഴൂര്‍ പടിക്കല്‍പോയി ആരും പ്രശ്‌നം വച്ചു നോക്കേണ്ടതില്ല. പ്രമോദ് മുത്തലിഖ് എന്ന ക്വട്ടേഷന്‍ വര്‍ഗ്ഗീയ കലാപ സൃഷ്ടാവ് പ്രതിയായാ 18 കേസുകളുള്‍പ്പെടെ 5000 കേസുകള്‍ എഴുതിത്തള്ളി തങ്ങളുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയ അജണ്ട വെളിപ്പെടുത്തി തന്നെയാണ് യദിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ട പോകുന്നത്. തെക്കേ ഇന്ത്യന്‍ മോഡിയായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്ന യദിയൂരപ്പക്ക് കിട്ടുന്ന മലംകോളാണ് മഅ്ദനി. 
കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ കഴിയുന്നത്ര പുതിയപുതിയ കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് കാലങ്ങളോളം ഇരുട്ടറയില്‍ ഒരു മനുഷ്യ ജന്‍മത്തെ തളക്കാന്‍ വേണ്ട എല്ലാ കോപ്പുകളും സ്വരുക്കൂട്ടിയാകണം കര്‍ണ്ണാക സര്‍ക്കാരും പോലീസും കഥകള്‍ മെനെഞ്ഞെടുക്കുന്നത്. 
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നവര്‍ ഇവിടെ മഅദനി തടവറയില്‍ കിടന്ന ഒമ്പതരക്കോല്ലത്തെക്കുറിച്ചെന്തുപറയുന്നു. ഒരു നേതാവ് ടി.വി ക്യാമറക്കുമുമ്പില്‍ പറഞ്ഞത് പണ്ട് ചെയ്ത ഉപകാരത്തിന് താങ്ക്‌സ് എന്ന വാക്കുപോലും പറയാത്തയാളാണ് മഅ്ദനി. അതുകൊണ്ട് നിയമം അതിന്‍രെ വഴിക്ക് പോകട്ടെ എന്നാണ്. എന്ത് ന്യായമാണിത്. താങ്ക്‌സ് പറയുന്നവര്‍്ക്ക് മാത്രം നീതി ലഭിക്കുകയ.ും അല്ലാത്തവര്‍ എന്ത് കൊടിയ നീതികേടിനിരയായാലും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകരായിരി്ക്കാന്‍ എന്തര്‍ഹത. ഈ നേതാവിനെതിരെ ഒരിക്കല്‍ ഒരു കേസ് ചാര്‍ത്തപ്പെട്ടപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോട്ടേ എന്ന പറഞ്ഞില്ല്‌ലോ. വിമാനത്താവളത്തില്‍ കൊടികെട്ടി പത്രക്കാരെ ആക്രമിച്ച് വാനരസേനയെ കെട്ടഴിച്ചു വിടുകയാണല്ലോ ചെയ്തത്. ഇവിടെ മഅ്്ദനിയെ ഇരയാക്കി തീവ്രവാദം സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനക്ക് അറിഞ്ഞോ അറിയാതെയോ പിന്തുണ നല്‍കുകയാണ് ഇത്തരക്കാര്‍. . മതേതര ഭാരതം ഇത്തരം നീതി നിഷേധം അനുവദിക്കാന്‍ പാടില്ല. പ്രബുദ്ധ കേരളം ഈ അക്രമത്തെ ചെറുക്കണം. മഅ്ദനിയുടെ ജീവിതം ഒമ്പതര വര്‍ഷം ജയിലറക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ടു. അതേ മനുഷ്യനു നേരേ ഇനിയും നീതി നിക്ഷേധം ആവര്‍ത്തിക്കരുത്. മഅ്ദനിയോട് രാഷ്ട്രീയമായും മറ്റ് പല വിധത്തിലും എതിര്‍പ്പുകള്‍ ചിലപ്പോള്‍ നമുക്കുണ്ടാവാം. അതുകൊണ്ട് അദ്ദേഹത്തിന് നീതി നിക്ഷേധിക്കപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ പാടില്ല. നിശ്ശബ്ദതയുടെ മുടുപടം നീക്കി നീതി കുഴിവെട്ടി മൂടുന്നതിനെതിരെ ശബ്ദിക്കുക. ഇല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല