Wednesday, January 5, 2011

കേരള പഠനകോണ്‍ഗ്രസ്സ് -കേരള വികസനം ചില ചിന്തകള്‍ -അഥവാ ഇ.എം.എസില്‍ നിന്ന് തോമസ് ഐസക്കിലേക്കുള്ള ദൂരം


എകെജി പഠന ഗവേഷണ കേന്ദ്രം ജനുവരി 1 മുതല്‍ 3 വരെ സംഘടിപ്പിച്ച കേരളാ പഠനകോണ്‍ഗ്രസ്സ് കേരള വികസനത്തെപ്പറ്റിയും വികസന രീതിശാസ്ത്രത്തെപ്പറ്റിയും കേരളത്തിലെ സി.പിഎമ്മിന്റെ നയനിലപാടുകളെ സംബന്ധിച്ചും
സുവ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷേ പഠന കോണ്‍ഗ്രസ്സില്‍ എതിര്‍ വീക്ഷണങ്ങള്‍ക്ക് വേണ്ടത്ര സപേയ്‌സ് അനുവദിക്കാതിരുന്നത് അതിന്റെ വലിയ പരിമിധി തന്നെയാണ്. പങ്കാളിത്തതിലും സി.പിഎമ്മിന്റെ പ്രവര്‍ത്തകരും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരുമല്ലാത്ത വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ ഒരുപക്ഷേ സി.പിഎമ്മിന് മാത്രം കഴിയുന്ന മുന്നൊരുക്കത്തോടെയും വ്യവസ്ഥാപിതവുമായുമായിരുന്നു പഠന കോണ്‍ഗ്രസ്സിന്റെ പരിപാടി എന്ന നിലയിലുള്ള സംഘാടനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശേഷിച്ചും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വാളന്റിയര്‍ സേവനം കോണ്‍ഗ്രസ്സിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ സഹായകമായി. സര്‍വ്വോപരി കേരള വികസനത്തെക്കുറിച്ച് എന്ത് തന്നെയായാലും ഒരുകൂട്ടര്‍ ഗൗരവമായി ചര്‍ച്ച നടത്തുന്നു എന്നത് പോസിറ്റീവായി തന്നെ കാണേണ്ടതാണ്. പഠന കോണ്‍ഗ്രസ്സിന്റെ സമീപന രേഖയും പേപ്പറുകളുടെ അബ്‌സ്ട്രാക്ടുമടങ്ങിയ കൈപ്പുസ്തകങ്ങളില്‍ സംബന്ധിച്ച അക്ഷരത്തെറ്റുകളുടെ കൂമ്പാരം മാറ്റി നിര്‍ത്തിയാല്‍ മികച്ച സംഘാടനം നല്ല ഭക്ഷണം (ആഡംബര ഭക്ഷണമൊന്നുമല്ല) നല്ല പരിചരണം ഇതില്‍ സംഘാടകര്‍ക്ക് 100 മാര്‍ക്കും നല്‍കുന്നു.
കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പ്രസ്ഥാനം എന്ന നിലക്കും ഇന്നത്തെ കേരളത്തിന്റെ നിര്‍മ്മിതിയില്‍ പല നിലക്കും നിര്‍ണ്ണായകമായ സംഭാവനകള്‍ അര്‍പ്പിച്ചവര്‍ എന്ന നിലയിലും കേരളത്തില്‍ സി.പി.എമ്മിന്റെ നയ സമീപനങ്ങള്‍ക്ക് കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിയും.1994 ല്‍ ഇ.എം.എസ് രൂപ കല്‍പ്പന ചെയ്ത ഒന്നാം പഠന കോണ്‍ഗ്രസ്സ്
ഇടതുപക്ഷ അടിത്തറയില്‍ മാക്‌സിയന്‍ രീതിശാസ്ത്രത്തില്‍ നിന് വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെങ്കില്‍ 2005 ലെ രണ്ടാം പഠന കോണ്‍ഗ്രസ്സ് ആഗോളവത്കരണ നയങ്ങള്‍ വരുത്തിയ മാറ്റങ്ങളില്‍ ചിലവയോട് സമരസപ്പെടുന്നതായും കാണാം. മൂന്നാം കോണ്‍ഗ്രസ്സ് ആയപ്പോള്‍ സി.പി.എമ്മിന്റെ നയസമീപനം മുതലാളിത്തവത്കരണത്തിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മാത്രമേ വികസന കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയൂ എന്നതായി പരിവര്‍ത്തിക്കപ്പെട്ടുകഴിഞ്ഞു. ചെറുതനിമകളെ തള്ളിപ്പറയുകയും കോര്‍പ്പറേറ്റ് സാന്നിദ്ധ്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് വികസനവുമായി ബന്ധപ്പെട്ട് കൃഷി, ഊര്‍ജ്ജം, തീരദേശ വികസനം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പഠനകോണ്‍ഗ്രസ്സില്‍ അവതരിക്കപ്പെട്ട പേപ്പറുകള്‍ മിക്കതും.
ഊര്‍ജ്ജ മേഖലയെ സംബന്ധിച്ച് കേരളത്തില്‍ ഊര്‍ജ്ജപ്രതിസന്ധി ഇന്നില്ല. എന്നാല്‍ ഊര്‍ജ്ജക്കമ്മി അനുഭവിക്കുന്നുണ്ടുതാനും. ഭാവിയില്‍ ഇത് ഊര്‍ജ്ജ പ്രതിസന്ധിയായി മാറാനും വഴിയൊരുക്കും. ഇതിനെ മറികടക്കാന്‍ വീണ്ടും അതിരപ്പിള്ളി പോലെ പാത്രക്കടവ് പോലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്ന വന്‍കിട പദ്ധതികളാണ് പഠന കോണ്‍ഗ്രസ്സില്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന, തദ്ദേശ
സ്ഥാപനങ്ങള്‍വഴിതന്നെ മുന്നോട്ട് കൊണ്ടുപോകാവുന്ന ചെറുപദ്ധതികളെ തള്ളിക്കളയുന്നുണ്ട് സമീപന രേഖ. അധികാര വികേന്ദ്രീകരണത്തിന്റെ സാദ്ധ്യത ഇവിടെ ഉപയോഗപ്പെടുത്താന്‍ അറപ്പെന്തിന്?എന്നാല്‍ വരാനിരിക്കുന്ന വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ ന്യായീകരണം സമീപന രേഖയില്‍ നിരത്തുന്നത് കാണാതിരുന്നുകൂട.
ജൈവികമായ പ്രതിസന്ധി നേരിടുന്ന പ്രദേശമാണ് കേരള തീരദേശം. കഴിഞ്ഞ പത്തുവര്‍ഷമായി ഉണ്ടായ കേന്ദ്ര നിയമങ്ങള്‍ തീരദേശത്തു നി്ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അന്യവത്കരിക്കുന്നതിനാണ് സഹായകമായിട്ടുള്ളത്. ഇന്ത്യയിലെ മത്സ്യ സമ്പത്തിന്റെ മുപ്പത് ശതമാനത്തിലധികം കേരള തീരത്തുനിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ആകെ മത്സ്യസമ്പത്തിന്റെ ആധികാരികമായ കണക്കോ മത്സ്യ സ്പീഷിസുകളുടെ ഇന്നത്തെ എണ്ണമോ സങ്കല്‍പ്പമല്ലാതെ യഥാര്‍ത്യബോധത്തോടെ തയ്യാറാക്കിയ രേഖകള്‍ സര്‍ക്കാരിന്റെ കയ്യിലോ മറ്റേതെങ്കിലും പഠന ഏജന്‍സികളുടെ പക്കലോ ഇല്ല. മത്സ്യ ത്തൊഴിലാളികള്‍ക്ക് ഇടത്തട്ടുകാരെ ഒഴിവാക്കി തങ്ങളുടെ അദ്ധ്വാനത്തിന് ഇനിയും അര്‍ഹമായ പ്രതിഫലം ലഭിക്കാത്ത മേഖലയില്‍ കുത്തകകളും ഇടത്തട്ടുകാരും ആണ് ഗുണഫലം അനുഭവിക്കുന്നത്. ഇതിനെ മറികടക്കാന്‍ മത്സ്യഫെഡിനെ ശക്തിപ്പെടുത്തുന്നതടക്കം ചില നിര്‍ദ്ദേശങ്ങള്‍ രേഖയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്.എന്നാല്‍ തീരം നേരിടുന്ന പ്രതിസന്ധികളെ ടൂറിസത്തിന്റയും വ്യവസായ വ
ത്കരണത്തിന്റേയും അനന്തര ഫലമായുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ നേരിടുന്നതില്‍, തീരമേഖല കുത്തകള്‍ റിസോര്‍ട്ടുകളും മറ്റ് ആഡംബര കേന്ദ്രങ്ങളും ഉയര്‍ത്തുമ്പോള്‍ നിലവിലുള്ള തീര നിയന്ത്രണ നിയമ പ്രകാരം മത്സ്യത്തൊഴിലാഴി ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീക്കുന്നതില്‍ ഒന്നും കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ല എന്ന് മാത്രമല്ല കരിമണല്‍ ഖനനമേഖലയിലെ സ്വകാര്യ നിക്ഷേപമമടക്കമുള്ള അപകടകരമായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. തീരസമ്പത്ത് കൊള്ളയടിക്കുകയും പരമ്പരാഗത മേഖലയെ അപകടപ്പെടുത്തുകയും ചെയ്യുന്ന ട്രോളറുകളോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ല. മത്സ്യ മേഖലയില്‍ നിന്നു അകറ്റിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തിരിച്ച കൊണ്ടുവരുന്നതിലൂടെ മാത്രമേ മത്സ്യസമ്പത്തിന്റെ സുസ്ഥിരത നിലവിര്‍ത്താനാവൂ എന്ന സമീപനത്തിലേക്ക് മുതലാളിത്ത രാജ്യങ്ങള്‍ പോലും മാറുമ്പോള്‍ കേരളത്തില്‍ പരമ്പരാഗത മേഖലയിലെ തകര്‍ച്ചയോട് നിസംഗത പുലര്‍ത്തുകയാണ് പഠന കോണ്‍ഗ്രസ്സ് ചെയ്തത്

കാര്‍ഷിക മേഖലയിലെ നയ സമീപനം ഇതിനകം തന്നെ ശക്തമായ വിവാദങ്ങള്‍ പാര്‍ട്ടിക്കകത്തും മുന്നണിയിലും കേരളത്തിലും ഉയര്‍ത്തിയല്ലോ. ജനിതകമാറ്റം വരുത്തിയ വിളകള്‍ മോണ്‍സാന്റോയും ഡ്യൂപ്പോണ്ടുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്. കാത്തോലിക്ക സഭയടക്കുള്ള സ്വകാര്യ ഏജന്‍സികളെ ഉപയോഗപ്പെടുത്തി ജനിതകമാറ്റം വരുത്തിയ വിളകളാണ് കാര്‍ഷിക വിപ്ലവത്തിന് നിദാനമെന്ന് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ സി.പി.എം പോലെയുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ജനിതക വിളകള്‍ പരീക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് ഞെട്ടിപ്പിക്കുന്ന ഒന്നായി തോന്നുന്നതില്‍ അത്ഭുദമില്ല. വിശേഷിച്ചും ഇന്നുവരെ നിഷ്പക്ഷ ശാസ്ത്രജ്ഞരോ ഐക്യരാഷ്ട്ര സഭ പോലുമോ ജനിതകമാറ്റം വരുത്തിയ വിളകള്‍ അപകടമന്നെന്ന് വിലയിരുത്തിയിട്ടില്ലെന്നിരിക്കെ. ഭഷ്യയോഗ്യമായ വിളകളുടെ കൂട്ടത്തില്‍ ജി.എം വിളകളെ UN ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുമില്ല. ശാസ്ത്രത്തിന്റെ പുരോഗതി കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തണം എന്നതിലല്ല തടസ്സവാദം. ജി.എം വിളകള്‍ അപകടം മാത്രമേ ചെയ്യൂവെന്ന് വ്യക്തവുമാണ്. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ ബി.റ്റി പരുത്തി വിത്തില്‍ ചെന്നെത്തി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.ആഗോള വത്കരണത്തിലെ കൃഷി എന്ന പഠന കോണ്‍ഗ്രസ്സിലെ സിമ്പോസിയത്തില്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എസ്.ആര്‍.പിയോട് വിയോജിച്ചുകൊണ്ട് ജി.എം വിളകളെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉയര്‍ന്ന കരഘോഷം ഇക്കാര്യത്തില്‍ സി.പിഎമ്മിനുള്ളില്‍ തന്നെയുള്ള എതിരഭിപ്രായങ്ങളുടെ ചൂണ്ടുപലകയാണ്.

ഈ പഠനകോണ്‍ഗ്രസ്സില്‍ സജീവമായി നിഴലിച്ച ഒന്നാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ അപചയങ്ങളെ വിലയിരുത്തുന്ന ചര്‍ച്ചകള്‍. പോലീസ് ഭാഷ്യങ്ങളെ അതേപടി വാര്‍ത്തയാക്കുകയും സത്യം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന അധാര്‍മ്മിക പത്ര പ്രവര്‍ത്തനം , പെയ്ഡ് ജേര്‍ണ്ണലിസം അടക്കമുള്ളവ വ്യത്യസ്ത സെഷനുകളില്‍ ഉയര്‍ന്നു വന്നു. സായിനാഥിനെപ്പോലെയുള്ള വ്യതിരിക്ത മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും സത്യാന്വേഷണമാധ്യമ പ്രവര്‍ത്തനത്തില്‍ ഇരയായി തീര്‍ത്ത ഷാഹിനയുടേയുമൊക്കെ സാന്നിദ്ധ്യം മാധ്യമ ചര്‍ച്ചകളെ ജനപ്രീയങ്ങളാക്കി.

കേരളത്തില്‍ ഇന്നു നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്‌കരണം. ഇതില്‍ സുവ്യക്തമായ പഠനങ്ങള്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവ ഇനിയുമുണ്ടാകേണ്ടത് അവശ്യമാണ്. പഠന കോണ്‍ഗ്രസ്സില്‍ ഏറ്റവും ദുര്‍ബലവും ഇരുട്ടില്‍ തപ്പുന്നതുമായി കണ്ട ഒരു വിഭാഗം മാലിന്യ സംസ്‌കരണം തന്നെയാണ്. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്കും ഇലക്രടോണിക് വേ
സ്റ്റുകളുമടക്കം നിയന്ത്രണാതീതമായി പെരുകുന്ന സാമൂഹ്യാവസ്ഥയില്‍ ഇനി മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല എന്ന നഗ്നസത്യം തുറിച്ചു നോക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ ഗൗരവത്തില്‍ ഇനിയും പഠനത്തിനു വിധേയമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധി വളരെ വലുതാണ്.
77 വിഷയങ്ങളില്‍ ചര്‍ച്ചയും 10 സിമ്പോസിയങ്ങളും ഉദ്ഘാടന സമാപന സമ്മേളനങ്ങളുമാണ് മൂന്നു ദിവസത്തെ പഠന കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു പ്രതിനിധിക്ക് ഷെഢ്യൂള്‍ അനുസരിച്ച് ഉദ്ഘാടന - സമാപന സമ്മേളനങ്ങളിലും 4 ചര്‍ച്ചകളിലും 3 സിമ്പോസിയങ്ങളിലും മാത്രമേ പങ്കെടുക്കാനാവൂ എന്നത് പരിമിധി തന്നെയാണ്. 3 ദിവസത്തെ കോണ്‍ഗ്രസ്സില്‍ ഇതേ സാദ്ധ്യമാകൂ. പ്രവാസം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, സിനിമ, സംസ്‌കാരം , തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. എങ്കിലും കേരളത്തില്‍ ഇന്നു നടക്കുന് ജനകീയ സമരങ്ങളുടെ കാതലായ ഭൂവിനിയോഗത്തെക്കുറിച്ച് പഠന കോണ്‍ഗ്രസ്സ് മൗനം പാലിച്ചത് ഗുതുതരമായ വീഴ്ചയാണ്. ഭൂപരിഷ്‌കരണമടക്കം വിവാദമായി ന്ല്‍ക്കുന്ന കാലത്ത് സര്‍്ക്കാരിന്റെ വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് വന്‍ എതിര്‍പ്പുകള്‍ക്കു വിധേയമാകുന്ന സന്ദര്‍ഭത്തില്‍ കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് സി.പിഎം പോലെയുള്ള പാര്‍ട്ടിക്കു ചര്‍ച്ച നടത്താന്‍ കഴിയാതിരിക്കുക എന്നത് ഗൗരവതര
മാണ്.
ഇടതുപക്ഷപ്പാര്‍ട്ടി എന്ന നിലയില്‍ നിന്ന് ആഗോളവത്കരണത്തിന്റേയും മുതലാളിത്തവത്കരണത്തിന്റേയും ബദല്‍ തേടുന്നതിനപ്പുറം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുന്ന വിഭാഗം എന്ന നിലയിലേക്കുള്ള സി.പി.എമ്മിന്റെ ജനിതകമാറ്റത്തിന് ന്യായീകരണം തേടുന്ന വിധത്തിലുള്ള ചര്‍ച്ചകളിലേക്ക് പഠന കോണ്‍ഗ്രസ്സ് പരിവര്‍ത്തിച്ചു. അതായത് വരും കാലങ്ങളില്‍ സി.പിഎം കേരളത്തിലുയര്‍ത്തുന്ന വികസന അജണ്ട പൂര്‍ണ്ണമായും ആഗോളികരണത്തിന്റേതായിരിക്കും എന്നത് ഇനി
പതുക്കെപ്പറയേണ്ടതില്ല. ഇ.എം.എസില്‍ നിന്ന് തോമസ് ഐസക്കിലേക്ക് പാര്‍ട്ടിയുടെ പഠന ഗവേഷണങ്ങള്‍ കൈമാറപ്പെട്ടപ്പോള്‍ 1994 ലെ പഠന കോണ്‍ഗ്രസ്സും 2011ലെ പഠന കോണ്‍ഗ്രസ്സും തമ്മിലെ ദൂരം വലുതാണ്. മാര്‍ക്‌സിയന്‍ ചിന്താധാരയും മുതലാളിത്തവും തമ്മിലുള്ള ദൂരത്തോളം