Thursday, April 22, 2010

ആണവ ബാധ്യതാബില്‍- ആരുടെ താല്‍പര്യങ്ങളാണ് ഇന്ത്യയില്‍ നിയമമാകുന്നത്

കെ.സജീദ് 



കഴിഞ്ഞ 15 വര്‍ഷമായി നമ്മുടെ രാജ്യം നിര്‍മ്മിക്കുന്ന നിയമങ്ങള്‍,  ഏര്‍പ്പെടുന്ന കരാറുകള്‍, പ്രഖ്യാപിക്കുന്ന പദ്ധതികള്‍ തുടങ്ങിയവയുടെ പൊതുപ്രത്യേകത, അവ രാജ്യത്തെ സാധാരണ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്നുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്നവയും സ്റ്റേറ്റിന്റെ അധികാരങ്ങളും ജനങ്ങളുടെ പൗരാവകാശങ്ങളും ബാഹ്യ ശക്തികളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുന്നവയുമാണ് എന്നതാണ്. രാജ്യത്ത്  ശക്തമായ എതിര്‍പ്പുകള്‍ സൃഷ്ടിക്കുകയും ഒരു പക്ഷേ രാഷ്ട്രീയ സമവാക്യങ്ങള്‍ പോലും മാറ്റി മറിക്കപ്പെടുകയും ചെയ്ത ഒന്നാണല്ലോ ഇന്ത്യാ-യു.എസ് ആണവകരാര്‍. യു.പി.എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുകയും വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്ത സാഹചര്യത്തില്‍ ചെറു കക്ഷികളേയും ചില എം.പിമാരെയും വിലക്ക് വാങ്ങിയും ആണവകരാറുമായ മുന്നോട്ട് പോകാന്‍ മന്‍മോഹന്‍ കാട്ടിയ വീറും വാശിയും എന്തിനാണ് എന്ന ചോദ്യത്തിന്  അന്ന് തന്നെ രാജ്യത്തെ ദീര്‍ഘവീക്ഷണമുള്ളവര്‍ ചൂണ്ടിക്കാട്ടിയ ഉത്തരങ്ങള്‍ ശരിവയ്ക്കും വിധമാണ് പുതിയ ആണവ ബാധ്യതാ ബില്‍( The Civil Liability for Nuclear Damage  Bill 2009).ഇന്ത്യാ-യുഎസ് ആണവകരാറിന്റെ പ്രയോജകര്‍ വന്‍കിട ആണവ കമ്പനികളാണെന്നും ഇന്ത്യയിലെ പൗരന്‍മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ഭരണകര്‍ത്താക്കള്‍ വിലമതിക്കുന്നില്ലെന്നതിന്റെ ഒടിവിലത്തെ ഉദാഹരണമാണ് ആണവ ബാധ്യതാ ബില്ല്.

ആണവ കരാറിന്റെ നേട്ടമായി മന്‍മോഹന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത് 2030 ആകുമ്പോഴേക്കും 40000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും എന്നായിരുന്നല്ലോ. ഇത്രയും വൈദ്യുതി ഉല്‍പാദനത്തിന് വന്‍കിട ആണവ നിലയങ്ങളും വല്‍തോതില്‍ ആണവ ഇന്ധനങ്ങളും വേണ്ടി വരും. 2010 ജനുവരി 1മുതല്‍ ഇന്ത്യാ-ഫ്രാന്‍സ് ആണവകരാറിലൂടെ ഫ്രാന്‍സിലെ പൊതുമേഖലാ സ്ഥാപനമായ അരേവ (Areva SA), 2010 മാര്‍ച്ച് 12  മുതല്‍ ഇന്ത്യാ-റഷ്യാ ആണവകരാറിലൂടെ റഷ്യന്‍ പൊതുമേഖലയിലുള്ള റുസാറ്റം (Rusatom) എന്നിവ സവിശേഷമായ നിബന്ധനകളൊന്നുമില്ലാതെ ഇന്ത്യയിലേക്ക് ആണവ സാമഗ്രികള്‍ സപ്ലൈ ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ആണവ വ്യവസായികളെല്ലാം സ്വകാര്യ മേഖലയില്‍ നിന്നുള്ളവരാണ്. ജനറല്‍ ഇലക്ട്രിക്കല്‍സ്, Thoshiba Westinghouse മുതലായവയാണ് അവരില്‍ പ്രമുഖര്‍. അവരാകട്ടെ കരാറിലുപരി അനുബന്ധമായ  പ്രാദേശിക  ആണവ അപകട നഷ്ടപരിഹാര നിയമം നിര്‍മ്മിച്ച ശേഷമേ ആണവ സാമഗ്രികള്‍ സപ്ലൈചെയ്യാന്‍ തയ്യാറുള്ളു. യഥാര്‍ത്ഥത്തില്‍ ബില്ലിന്റെ താല്‍പര്യം അമേരിക്കന്‍ ആണവകമ്പനികളുടെ ഇംഗിതത്തിനനുസിച്ച് നിയമ നിര്‍മാണം നടത്തുക എന്നതാണ്. കാരണം  റിയാക്റ്ററുകളും ആണവ സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറാന്‍ അവര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന  അവര്‍ക്കനുകൂലമായ രീതിയില്‍ ആണവ അപകടങ്ങളുടെ കൈകാര്യമടക്കമുളള കാര്യങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ അംഗീകരിക്കുക എന്നതാണ്.   ഇക്കഴിഞ്ഞ ജൂലൈയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ടകളിലൊന്ന്  ഇത്തരം ഒരു നിയമം കൊണ്ടുവന്ന് ആമേരിക്കന്‍ ആണവ കമ്പനികളുമായുള്ള വ്യാപാരം സുഗമമാക്കാന്‍ മന്‍മോഹന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതായിരുന്നു.

ബില്ലിലെ അധ്യായം രണ്ടിലെ വ്യവസ്ഥ പ്രകാരം ആണവ അപകടങ്ങളുണ്ടാകുമ്പോള്‍ നിശ്ചയിക്കാവുന്ന പരമാവധി നഷ്ടപരിഹാരത്തുക 300 മില്യന്‍ SDR (Special Drawing Right) ആണ്.ശേഖരിച്ച് വയ്ക്കുന്ന വിലകല്‍പ്പിക്കാവുന്ന വസ്തുക്കളുടെ വിലനിശ്ചയിക്കുന്നതിനായി  IMF നിര്‍ണ്ണയിച്ച യൂണിറ്റാണ്  SDR. ഒരു SDR 69.4 ഇന്ത്യന്‍ രൂപയാണ്. അങ്ങനെയെങ്കില്‍ ആകെ നിശ്ചയിക്കാവുന്ന പരമാവധി നഷ്ട പരിഹാരത്തുക 2082.79 കോടി രൂപ. അതായത് 45.74 കോടി യു.എസ്.ഡോളര്‍. അതില്‍ തന്നെ ഓപ്പറേറ്റര്‍ക്ക് (അപകടം വരുത്തിവെച്ച കമ്പനിക്ക്)  അധ്യായം രണ്ട് ഖണ്ഡിക ആറ് പ്രകാരം 300 കോടി രൂപയേ പരമാവധി ബാധ്യത വരികയുളളൂ. അത് തന്നെ 100 കോടിയാക്കി കുറക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനുണ്ട്.  ബാധ്യത കുറച്ചാലും അതില്‍ പലിശയോ നടപടിക്രമങ്ങളുടെ ചെലവോ കമ്പനി വഹിക്കേണ്ടതുമില്ല.
 പാര്‍ലമെന്റില്‍ നിലപാട് സ്വീകരിക്കുന്നതിന് പോലും കോഴ വ്യാപകമായ നമ്മുടെ രാജ്യത്ത് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഭരണക്കാരെ സ്വാധീനിച്ച്,  നല്‍കാന്‍ വ്യവസ്ഥ ചെയ്ത നക്കാപിച്ച പോലും വെട്ടിക്കുറപ്പിക്കാന്‍ അനായാസേന കഴിയും.ഓപ്പറേറ്റര്‍ നല്‌കേണ്ട നഷ്ടപരിഹാര തുകക്ക്  മുകളില്‍ 2082 കോടി വരെയുള്ള നഷ്ടപരിഹാര ബാധ്യത കേന്ദ്ര സര്‍ക്കാറിനാണ്. അങ്ങനെ ആയാല്‍  പുതിയ ബില്ല് പ്രകാരം ആണവ അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ഈ രാജ്യത്തെ നികുതി ദായകരുടേതാകും.എന്നുവച്ചാല്‍  അശ്രദ്ധമൂലമോ, സാങ്കേതിക തകരാര്‍ മൂലമോ മനപൂര്‍വ്വമോ ആണവ ദുരന്തം സ്വകാര്യ കോര്‍പ്പറേറ്റുകള്‍ വരുത്തിവച്ചാല്‍ അതിന്റെ ഇരകളാകുന്ന രാജ്യത്തിലെ ജനങ്ങള്‍ തന്നെ അവരുടെ നികുതിപ്പണത്തില്‍ നിന്ന് നഷ്ടം നികത്തിക്കൊള്ളണം. ഞങ്ങള്‍ വ്യവസായം തുടങ്ങും, ലാഭമുണ്ടാക്കും, ചിലപ്പോള്‍ ദുരന്തങ്ങളുണ്ടാക്കും ഉണ്ടാകുന്ന ദോഷങ്ങള്‍ നിങ്ങള്‍മാത്രം സഹിക്കണം എന്ന കുത്തകളുടെ എക്കാലത്തേയും നിലപാടിന് ജനാധിപത്യ രാജ്യത്തിന്റെ അംഗീകാരമാണ് ഈ നിയമം.
  അപകടം ഉണ്ടാകുമ്പോഴുള്ള നഷ്ടപരിഹാരം അപകടത്തിന് കാരണക്കാരില്‍ നിന്ന് ഈടാക്കാമെണന്ന സാമാന്യ തത്വം പോലും ലംഘിക്കുന്നതാണ്   പുതിയ ആണവ ബാധ്യതാ ബില്‍. ആണവ അപകടങ്ങളുടെ വ്യാപ്തിയും പരിധിയും ഇനിയും ആര്‍ക്കും കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബുകള്‍ വര്‍ഷിച്ചതിന്റെ ദുരന്തം ഇനിയും തീര്‍ന്നിട്ടില്ല. അതിലും 400 ഇരട്ടി വലുതായിരുന്നു ചെര്‍ണോബിലെ ആണവ പവര്‍പ്ലാന്റില്‍ 1986 ഏപ്രില്‍ 26 ന് ഉണ്ടായ അപകടത്തില്‍ വിതച്ച ദുരന്തം.  12000 ചതുരശ്ര കിലോമീറ്ററില്‍ ആ ദുരന്തത്തിന്റെ അനുരണനങ്ങളുണ്ടായി. അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈന്‍ മാത്രമല്ല, കിഴക്കന്‍ യൂറോപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ വ്യാപിച്ചു, 336,000 ത്തിലധികം ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ലോകാരോഗ്യ സംഘടന 2005 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം നാലായിരത്തിലധികം ആളുകള്‍ ആണവ റേഡിയേഷന്റെ ഫലമായി ക്യാന്‍സര്‍ മരണത്തിന് കീഴ്‌പ്പെടുകയും 6 ലക്ഷത്തിലധികം ആളുകള്‍ മാരക രോഗങ്ങളുടെ ഇരകളായി മാറുകയും ചെയ്തിട്ടുണ്ട്. ഇനി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു പോലും അംഗ വൈകല്യം, ജനിതക തകരാറുകള്‍ തുടങ്ങിയ ദുരന്തങ്ങള്‍ കാത്തിരിക്കുന്നു. ഇത്രമേല്‍ ഭീകരമാണ് ആണവ അപകടങ്ങള്‍ എന്നിരിക്കെ ലാഘവത്തോടെ ആണവ കമ്പനികളെ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നൊഴിവാക്കി രാജ്യത്തെ നികുതിപ്പണം നല്‍കുന്ന ജനങ്ങളുടെ പിടലിയില്‍ വച്ച് കെട്ടുന്ന സമീപനം ആര്‍ക്ക് വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആണവ ഫാക്ടറികളുടെ സുരക്ഷിതത്വം കമ്പനികള്‍ ഉറപ്പുവരുത്തുന്നത് അതുണ്ടാക്കുന്ന അപകടങ്ങളുടെ നഷ്ട സാധ്യത കമ്പനിയെത്തന്നെ ഇല്ലാതാക്കും എന്നതിനാലാണ്. അന്യ ദേശത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ ആണവ നിലയങ്ങള്‍ നടത്താന്‍ പ്രചോദിപ്പിക്കുന്ന നിയമം നിര്‍മിക്കുന്ന ഭരണാധികരികളെ നാം എന്താണ് വിളിക്കേണ്ടത്.
ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ 25-ാം വാര്‍ഷികത്തില്‍ തന്നെ ഇത്തരമൊരു നിയമത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ മധ്യപ്രദേശില്‍ ജനിച്ച പൃഥ്വിരാജ് ചവാന്‍ തന്നെ മുന്നോട്ട് വന്നത് ആശങ്കാജനകമാണ്.(ഇപ്പോള്‍ അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യ സഭാ അംഗമാണ്. ജനവിരുദ്ധ നിയമങ്ങളെല്ലാം രാജ്യ സഭ എന്ന പിന്‍വാതിലിലൂടെ കടന്നുകയറിയവരാണല്ലോ പലപ്പോഴും കൊണ്ട് വരാറുള്ളത്)  25 വര്‍ഷം മുമ്പ് നടന്ന ദുരന്തത്തില്‍ യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് 45 കോടി ഡോളറാണ്  നഷ്ടപരിഹാരമായി വാങ്ങിയത്. അത് പോലും തുച്ഛമായിരുന്നു. ദുരന്തത്തിന്റെ ഇരകള്‍ക്ക് ശരാശരി 500 ഡോളര്‍മാത്രമാണ് നഷ്ടപരിഹാരമായി കിട്ടിയത്. എന്നിരിക്കെയാണ്  അതിലും ഭീകരമാകാനിടയുള്ള ആണവ അപകടങ്ങളില്‍ ഇരകളാകന്നവര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന  തുകയാകട്ടെ അതിന്റെ പത്തിലൊന്ന് മാത്രവും. എത്ര ഭീകരമായ ദുരന്തം സംഭവിച്ചാലും 45.47 കോടി ഡോളറില്‍(2082 കോടി രൂപ) കൂടുതല്‍ നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ല എന്ന് മാത്രമല്ല അതില്‍ തന്നെ 85% തുകയും കേന്ദ്ര സര്‍ക്കാര്‍ മുടക്കേണ്ടതായും വരും. ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് നേരെ ചെറുവിരല്‍ അനക്കാന്‍ പോലും നമ്മുടെ നിയമ വ്യവസ്ഥക്ക് കരുത്തില്ല എന്നതിന്റെ തെളിവാണല്ലോ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ വാറന്‍ ആന്‍ഡേഴ്‌സന്‍ (യൂണിയന്‍ കാര്‍ബൈഡിന്റെ സി.ഇ.ഒ) സസുഖം ഇംഗ്ലണ്ടില്‍ വിശ്രമ ജീവിതം നയിക്കുന്നത്.
ആണവ അപകടത്തിന്റെ പ്രതിഫലനം തലമുറകളോളം നീണ്ടുനില്‍ക്കുമെന്നതിനാല്‍ നഷ്ടപരിഹാരം ചോദിക്കേണ്ട കാലാവധി നിശ്ചയിക്കുക സാദ്ധ്യമല്ല. എന്നാല്‍ നിര്‍ദ്ദിഷ്ട നിയമത്തിന്റെ 18ാം ഖണ്ഡിക പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള കാലാവധി 10 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. അതിനര്‍ത്ഥം  അപകടം നടന്ന് 10 വര്‍ഷം കഴിഞ്ഞ ശേഷം ആണവ വികിരണം മൂലം ഉണ്ടാകാനിടയുള്ള എന്ത് മാരക രോഗമായാലും ദുരന്തമായാലും 5 പൈസ പോലും നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല എന്നതാണ്. അടുത്ത തലമുറയിലെ ഒരു കുഞ്ഞ് ശാരീരിക വൈകല്യത്തോടെയോ, ജനിതക വൈകല്യത്തോടെയോ പിറന്നാല്‍ വിധിയെന്നുകരുതി സമാധാനിക്കുക മാത്രമേ തരമുള്ളു എന്നര്‍ത്ഥം. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി തളിച്ചതിന്റെ ഫലമായി ഇപ്പോഴും വൈകല്യത്തോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് നേരില്‍ കാണുന്ന മലയാളിക്ക് ആണവ ദുരന്തം തലമുറകളെ എങ്ങനെ തകര്‍ക്കുമെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഇവിടെ ദുരന്തം സമ്മാനിച്ച് കൈകഴുകി സ്ഥലം കാലിയാക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനായാസം സാധിക്കുമാറ് വകുപ്പുകള്‍ 
എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു.

അമേരിക്കയില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പുതിയ ആണവ പ്രോജക്ടുകള്‍ കമ്മീഷന്‍ ചെയ്തിട്ടില്ല.ഉള്ള പ്രോജക്ടുകള്‍ ഡീകമ്മീഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു. എന്ന് മാത്രമല്ല ആണവ മാലിന്യങ്ങള്‍ എങ്ങനെ എവിടെ ഉപേക്ഷിക്കണം എന്നതിനെക്കുറിച്ച്  അന്തിമമമായ തീരുമാനത്തിലെത്താവാതെ ആണവ ശാസ്ത്രജ്ഞന്‍മാര്‍ കുഴങ്ങി നില്‍ക്കുന്ന സന്ദര്‍ഭമാണ് ഇന്ത്യാ-യു.എസ് ആണവ കരാര്‍ നിലവില്‍ വരുന്നത്. അതോടെ ആണവ മാലിന്യം നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയായി ഇന്ത്യ വിസ്തൃതമായി തുറന്ന് കിട്ടി. ഈ നിയമത്തോടെ എന്ത് അപകടകരമായ വസ്തുക്കളും ധൈര്യമായി കടത്തി വിടാന്‍ എതൊരു ആണവ കമ്പനിക്കും സാദ്ധ്യമാകും. ദുന്തങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം പോലും നല്‍കേണ്ടി വരില്ല.  നിയമം നിര്‍മ്മിക്കുമ്പോള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വേണമെന്നത്‌പോലും കോര്‍പ്പറേറ്റ് പ്രേമത്തില്‍ സര്‍ക്കാര്‍ മറന്നുപോയിരിക്കുന്നു. ഇന്ത്യന്‍  ഭരണഘടനയുടെ  21ാം ആര്‍ട്ടിക്കിള്‍ (പൗരന് നല്കുന്ന വ്യക്തിസ്വാതന്ത്രം) ആര്‍ട്ടിക്കിള്‍ 47 (ഭരണകൂടം ഉറപ്പ് വരുത്തേണ്ട പൗരന്‍മാരുടെ ആരോഗ്യം) ആര്‍ട്ടിക്കിള്‍ 48-എ (പരിസ്ഥിതിയുടെയും വനത്തിന്റെയും പരിപാലനം) ആര്‍ട്ടിക്കിള്‍  51-ജി (വനങ്ങളും പ്രകൃതിയും വന്യജീവികളും സംരക്ഷിക്കപ്പെടുകയും ജീവജാലങ്ങളോട് അനുകമ്പ കാട്ടുകയും ചെയ്യുക ) എന്നീ വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്. മുന്‍ അറ്റോര്‍ണി ജനറലായ സോളി സോറാബ്ജി നിര്‍ദ്ദിഷ്ട ബില്ലിനെ ഭരണ ഘടനാ വിരുദ്ധമായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിട്ടുണ്ട്.ആണവ അപകടങ്ങള്‍ക്ക് നല്‍കേണ്ടത് സിവില്‍ നഷ്ടപരിഹാര ബാധ്യതയാണ് എന്നത് നിശ്ചയിച്ച തുച്ഛമായ തുക പോലും നല്‍കാതെ രക്ഷപ്പെടാനും അപകടങ്ങളുടെ മേലുള്ള ക്രിമിനല്‍ നടപടിയില്‍ നിന്ന് രക്ഷപ്പെടാനും ആണവ ഓപ്പറേറ്റര്‍മാര്‍ക്ക്  വഴിയൊരുക്കും. ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡിനെതിരെ പേരിനെങ്കിലും നിയമ നടപടികളുണ്ടായി. അതിലും ഭീകരമാകാന്‍ സാദ്ധ്യതയുള്ള ആണവ അപകടങ്ങളില്‍ അതിനുള്ള പഴുതുപോലും അടച്ചുകൊണ്ടാണ്  നിയമം നിര്‍മിച്ചത്. ക്രിമിനല്‍ നഷ്ടപരിഹാര ബാധ്യതയാണ് ഉളളതെങ്കില്‍ കോടതി വഴി കമ്പനിയില്‍ നിന്ന് ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം വാങ്ങാനുളള സാധ്യത അധികമാണ്. എന്നാല്‍ കമ്പനിക്ക് രക്ഷപ്പെടാന്‍ ബില്ല് ക്രിമിനല്‍ നഷ്ടപരിഹാര ബാധ്യതയാക്കേണ്ടതിനുപകരം സിവില്‍ നഷ്ടപരിഹാര ബാധ്യത എന്നാണ് നിശ്ചയിച്ചത്. പൊതുജനങ്ങളേയും അപകടത്തില്‍ പെടാന്‍ സാധ്യതയുളള ജനങ്ങളേയും ഇത്രയും നിന്ദ്യമായ രീതിയില്‍ അവമതിക്കുകയാണ് സര്‍ക്കാര്‍ ബില്ലില്ലൂടെ ചെയ്തത്.
ആണവകരാര്‍ ഇന്ത്യക്ക് രാഷ്ടീയമായി സമ്മാനിച്ച നഷ്ടങ്ങള്‍ പലതാണ്. അതില്‍പ്പെട്ടതാണ് ഇറാനുമായുള്ള വാതകകരാര്‍്. 123 ആക്ട് പ്രകാരം ഇറാനെ തകര്‍ക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളെ ഇന്ത്യ പിന്താങ്ങണമല്ലോ. പാകിസ്ഥാനാകട്ടെ പൈപ്പ് ലൈന്‍ വഴിയുള്ള വാതകകരാറില്‍ ഇറാനുമായി ഒപ്പ് വയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ ഊര്‍ജ്ജ കമ്മി പരിഹരിക്കാനുള്ള വലിയ മാര്‍ഗ്ഗവും  എക്കാലത്തെയും ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഇറാനുമായുള്ള സുഗമ ബന്ധവും നഷ്ടമാക്കി. ഇനിയെന്തൊക്കെ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന്  കാണാന്‍ അധികം വൈകേണ്ടി വരില്ല.  ഇന്ത്യയുടെ പൊതുഖജനാവിലെ പണം മുടക്കി രാജ്യത്തിലെ പൗരന്‍മാരുടെ സ്വസ്ഥ ജീവിതം തകര്‍ത്ത്  ആണവ മാലിന്യങ്ങള്‍ നിറയുന്ന നരക ഭൂമിയാക്കി നമ്മുടെ രാജ്യത്തെ മാറ്റാനുളള ശ്രമത്തെ ചെറുത്തു തോല്‍പിക്കല്‍ രാജ്യ സുരക്ഷയുടെ അനിവാര്യതയാണ്. ധനം , പരിസ്ഥിതി മന്ത്രാലയങ്ങള്‍ ഈ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നുത് ഇതുണ്ടാക്കുന്ന ആഘാതം ഭീകരമാണന്ന തിരിച്ചറിവില്‍ നിന്നാണ്. ബില്‍ അവതരിപ്പിക്കാന്‍ നിശ്ചയിച്ച ദിവസം കോണ്‍ഗ്രസിലെ 35 എം.പി മാര്‍ ലോക് സഭയില്‍ എത്താഞ്ഞത് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലും മന്ത്രി സഭയിലും നിലനില്‍ക്കുന്ന ആശങ്കകളെ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തെങ്ങും ഉയര്‍ന്നു വരുന്ന ജനരോക്ഷത്തെ മുഖവിലക്കെടുത്തിട്ടെങ്കിലും ആണവ ബാധ്യതാ ബില്ലില്‍ നിന്ന് യു.പി.എ സര്‍ക്കാര്‍ പിന്‍മാറുകയാണ് രാജ്യത്തിന്റെ ഭാവിക്കും കോണ്‍ഗ്രസിനും ഉചിതം.


sajeedacl@gmail.com

2 comments:

  1. well said.... when we are going to get 'our govt' rather than corpareters govt..?!

    ReplyDelete