Thursday, September 8, 2011

ജനാധിപത്യ ഭരണകൂടം ജനങ്ങളോട് നടത്തുന്ന യുദ്ധപ്രഖ്യാപനങ്ങള്‍
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത് ആയുധം

കൈയ്യിലേന്താത്ത ജനകീയ പ്രക്ഷോഭങ്ങളുടെ പിന്‍ബലത്തിലാണ്. ചരിത്രത്തില്‍ അതിനു മുന്‍പോ ശേഷമോ കേട്ടിട്ടില്ലാത്ത വിമോചന സമരമുറയാണ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം മഹാത്മാഗാന്ധിയുടെ ധീരവും സാഹസികവുമായ നേതൃത്വത്തില്‍ നടത്തിയത്. അങ്ങനെ ആയുധം കൈയ്യിലേ
ന്താതെ അന്നത്തെ ലോക സാമ്രാജ്യത്വ ശക്തിയെ രാജ്യത്തു നിന്ന് കെട്ടു കെട്ടിച്ചു രൂപീകൃതമായ രാജ്യം അന്നു നേടിയ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനായി എന്തുമാത്രം സായുധവത്കരിക്കപ്പെട്ടി
രിക്കുകയാണ് ഇന്ന. ആയുധമേന്താതെ സ്വാതന്ത്ര്യം നേടിയ
രാജ്യത്തിന് അത് സംരക്ഷിക്കാന്‍ ആയുധമേന്തേണ്ട അവസ്ഥയുണ്ടാകരുതെന്ന മഹാത്മജിയുടെ സ്വപ്‌നം ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ!

രാജ്യത്തെ സൈനിക ശക്തി വലുതാക്കണമെന്നും രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടാന്‍ അതി വീര്യമുള്ള സൈനിക നിര ആവശ്യമെന്നും നമ്മുടെ ജനാധിപത്യ ഭരണകൂടത്തിന് ബോധ്യമായയത് 1962 ലെ ഇന്ത്യ ചൈനയുദ്ധത്തോടെയാണ്. അതിലേറ്റ തിരിച്ചടികള്‍ ആണവായുധമടക്കമുള്ള സകല ഹിംസാ ശക്തിയുമുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിലുള്ള ഭരണകൂടത്തിന്റെ ബ്ലാങ്ക് ചെക്കായി..ഇങ്ങനെ ഭരണകൂടം നേടിയ സായുധഹിംസാ ശക്തി പക്ഷേ വല്ലപ്പോഴും നടക്കാന്‍ സാധ്യതയുള്ള വൈദേശിക ആക്രമണ ഭീഷണി നേരിടാന്‍
മാത്രമല്ല ഭരണകൂടം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

അത് രാജ്യത്തെ ജനങ്ങളോടുതന്നെ തുറന്ന യുദ്ധപ്രഖ്യാപനമായി പലപ്പോഴും മാറാപ്പോവുന്നുണ്ട്.


1958 ല്‍ ജനാധിപത്യ ഇന്ത്യയുടെ പാര്‍ലമെന്റ് പാസ്സാക്കിയ തികച്ചും ജനാധിപത്യ വിരുദ്ധമായ നിയമമാണ് സായുധസേനക്കുള്ള പ്രത്യേത
അധികാര നിയമം (AFSPA). ശല്യ പ്രദേശങ്ങള്‍ (Disturbed Areas) എന്ന് നിയമത്തിലൂടെ വിശഷിപ്പിച്ച മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, അസ്സം, മേഖാലയ,
നാഗാലാന്റ്, തൃപുര എന്നിവിടങ്ങളില്‍ സായുധ സേനയ്ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ പൗരനെ പിടികൂടാനും
ചോദ്യം ചെയ്യാനും വിചാരണയ്ക്കു കോടതിയില്‍ ഹാജരാക്കാതെ കൊല്ലാനും അധികാരമുള്ള നിയമമാണിത്. ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിരിമാറിലെ കറുത്തപുള്ളിയാണ് ഈ കരിനിയമം. ഇത്തരമൊരു നിയമം നിലനില്‍ക്കുന്നിടത്തു ജനാധിപത്യത്തി
നെന്തു പ്രസക്തി!

2004 ജൂലൈ 23ന് മണിപ്പൂരില്‍ മനോരമ എന്നു പേരായ യുവതിയെ പൊതുസ്ഥത്തുവച്ച് AFSPA നിയമത്തിന്റെ പിന്‍ബലത്തില്‍ സൈനികര്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ സംഭവവും അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരേ ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ എന്ന ബാനര്‍ കൈയിലേന്തി പൂര്‍ണ്ണ നഗ്നരായ മണിപ്പൂരി സ്ത്രീകള്‍ സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് രാജ്യത്തെ മനസ്സാക്ഷിയുള്ളവരില്‍ ഇന്നും ഞെട്ടലുളവാക്കുന്നു. റെയി
ഡിനെന്ന പേരില്‍ സൈനികര്‍ വീടുകളില്‍ കടന്ന് സ്തീകളെ മാ
നഭംഗപ്പെടുത്തുന്നതും അതിനെ ചെറുക്കുന്ന യുവാക്കളേയും കുടുംബാംഗളേയും ഭീകരെന്നപേരില്‍ വെടിവിച്ചിടുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിത്യ സംഭവമാണ്

2002 നവംബര്‍
2 ന് മണിപ്പൂരിലെ മാലേം എന്ന ചെറുപട്ടണത്തില്‍ ബസ്്കാത്തു നിന്നവര്‍ക്ക് നേരേ സൈനികര്‍ നടത്തിയ വെടി വയ്പ്പില്‍ വൃദ്ധരും കുട്ടികളുമുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയുണ്ടായി, ഈ കൊലപാതകത്തില്‍ മനം നൊന്ത് മണിപ്പൂരിലെ യുവകവയിത്രിയായ ഇറോം ചാനു ശര്‍മ്മിള അന്നാരംഭിച്ച നിരാഹാര സമരം പത്തു വര്‍ഷമായി ഇന്നും തുടരുകയാണ്. ജനാധിപത്യ വിരുദ്ധ കരിനിയമം റദ്ദു ചെയ്യുന്നതുവരെ ത
ന്റെ സമരം തുടരുമെന്ന ശര്‍മ്മിള ഇറോമിന്റെ ദൃഢ നിശ്ചയം പോലും ജനങ്ങളെ കൊന്നൊടുക്കാന്‍ സൈനികര്‍ക്ക് അധികാരം നല്‍കിയ ഭരണകൂട ധിക്കാരത്തിന് തരിമ്പും ജനാധിപത്യബോധമുളവാക്കാന്‍ പാകമല്ലെങ്കില്‍ നാം നമ്മുടെ ജനാധിപത്യത്തെയോര്‍ത്തു ലജ്ജിച്ചു തല താഴ്ത്തുകയേ നിവര്‍ത്തിയുള്ളൂ!

കേവലം AFSPA എന്നതില്‍ മാത്രം
ഒതുങ്ങുന്നതല്ല രാജ്യത്തെ കരിനിയമങ്ങളുടെ പട്ടിക. അടിയന്തിരാവസ്ഥയില്‍ രാജ്യപൗരന്‍മാര്‍ക്കും ജനാധിപത്യ പ്രക്ഷോഭകര്‍ക്കും നേരെ പ്രയോഗിച്ച മിസ (Maintenance of Internal Security Act) ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമാണ്. 1977ലെ ജനതാപാര്‍ട്ടി സര്‍ക്കാര്‍ മിസ
റദ്ദുചെയ്യുകയുണ്ടായി.
1985 ല്‍ നിലവില്‍ വന്ന വിചാരണകൂടാതെ പൗരന്‍മാരെ 90 ദിവസം വരെ തടവില്‍ വയ്ക്കാവുന്ന ടാഡ (Terrorist and Disruptive Activities (Prevention) Act) എന്ന നിയമത്തിലൂടെ 90000 ചെറുപ്പക്കാരെയാണ് രാജ്യ
ത്ത് അന്യായ തടങ്കലില്‍പാര്‍പ്പിച്ചത്. ഇന്ന് ടാഡ റദ്ദാക്കിയെങ്കിലും അതിന്റെ പേരില്‍ തടവറയിലേക്ക് തള്ളപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ ഇന്നും ഇരുട്ടറയില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. ടാഡ 1996 ല്‍ വന്ന ദേവഗൗഡ സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി.
1998 ല്‍ അധികാരതത്തില്‍ ബിജെ.പി നേതൃത്വത്തിലെ സര്‍ക്കാര്‍ 2002 ല്‍ ടാഡയ്ക്ക് പകരം അതിനേക്കാള്‍ ഭീകരമായ കരിനിയമമം പോട്ട (Prevention of Terrorist Activities Act (POTA)) എന്ന പേരില്‍ പാസ്സാക്കി. ഇതാകട്ടെ പൗരനെ 180 ദിവസം വരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഭരണകൂട്തതിന് അധികാരം നല്‍കുന്നതാണ്. യാദൃശ്ചികതയെന്നു പറയാം പോട്ടാ നിയമം പാര്‍ലമെന്‍രില്‍ അവതരിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഇടതു പാര്‍ട്ടികളെ പാര്‍ലമെന്റില്‍ നേരിട്ട വൈകോ തന്നെ
യാണ് പോട്ടാ നിയമത്തിന്റെ പേരില്‍ ആദ്യം അറസ്റ്റിലാകുന്ന രാഷ്ട്രീയ നേതാവ്ത്. രാഷ്ട്രീയ പകപോക്കലിനായി ഇത്തരം നിയമങ്ങളെ ഭരണകൂടങ്ങള്‍ക്ക് എത്ര അനായാസം ഉപയോഗിക്കാമെന്നതിന് ഒന്നാം തരം ഉദാഹരണമാണ് വൈകോയുടെ അറസ്റ്റ്.
രാജ്യത്തെ കരിനിയമങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കിരാതമായ നിയമമാണ് UAPA (The Unlawful Activities (Prevention) Amendment Act) . 1969 ലാണ് ഇത് പാസ്സാക്കിയതെങ്കിലും 1972, 1986,2004, 2008 വര്‍ഷ
ങ്ങളില്‍ ഇതില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഓരോ ഭേദഗതികളും കൂടുതല്‍ ജനാധിപത്യ വിരുദ്ധതയും പൗരാവകാശ ധ്വംസനവും ഉറപ്പു വരുത്തുന്ന
വയാണ്. മുംബൈ ഭീകരാക്രമണ പശ്ചാത്തലത്തില്‍ 2008ല്‍ വരുത്തിയ അവസാന ഭേദഗതിക്കെതിരെ ലോകത്തിലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രാജ്യത്തെ സര്‍്കകാരിന് കത്തെഴുതുകയുണ്ടായി. ഡോ. ബിനായക് സെന്നിനെ അന്യായമായി രണ്ട് തവണ തടങ്കലില്‍ വയ്ക്കാന്‍ ഛത്തിന്ഗഢ് സര്‍ക്കാര്‍ ഉപയോഗിച്ചത് ഈ കരിനിയമമാണ്.

1980ലെ ദേശീയ സുരക്ഷാ നിയമം ഇത്തരത്തില്‍ ഭരണകൂടങ്ങള്‍ക്ക് പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് അനാവശ്യമായി കുതിര കയറാനുളഅള മറ്റൊരു നിയമമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരുടേയും മേല്‍ ഭീകരത ആരോപിച്ച് അനന്തമായ കാലം ജാമ്യമോ പരോളോ കൂടാതെ ജയിലില്‍ വിചാരണത്തടവുകാരായി പാര്‍പ്പിക്കാന്‍ ഈ നിയമം വഴിയൊരുക്കുന്നും. അബ്ദുല്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍-സേലം ജയിലുകളിലായി 10 വര്‍ഷക്കാലം അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചത് ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ

്.
ഇത്തരം കരിനിയമങ്ങള്‍ കൂടാതെ രാജ്യത്ത് സര്‍ക്കാരുകള്‍ സിവിലിയന്‍മാരെ ആയുധമണിയിച്ച് ഭീകരവേട്ടയ്ക്കിറക്കുക എന്നത്. മാവോയിസ്റ്റ് വേട്ടയുടെ മറപിടിച്ച് ആദിവാസി യുവാക്കളെ ആയുധമണിയിച്ച് ഛത്തിസ്ഗഡ് സര്‍ക്കാര്‍ രൂപീകരിച്ച ഭീകര സംഘമാണ് സാല്‍വ ജുദും. നിരപരാധികളായ നിരവധിപേരെ ഇതിനകം സാല്‍വാ ജുദും കൊന്നൊടുക്കിക്കഴിഞ്ഞു. ഇത് ഭരണകൂട ഭീകരതയാണെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്.ജനാധിപത്യ രാജ്യം പൈരന്‍മാരുടെ പേരില്‍ ഇങ്ങനെ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നഗ്നമായി ലംഘിക്കുമ്പോള്‍ അതിനെ ചെറുക്കുക എന്നത് നമ്മുടെ ജനാധിപത്യബോധത്തിന്റെ ഭാഗമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ഭരണകൂടവും അവയുടെ പിണിയാളുകളായ മീഡിയയും ചേര്‍ന്ന് സ്യഷ്ടിച്ചെടുത്ത 'ഭീകരവിരുദ്ധ' മാസ് ഹിസ്റ്റീരിയയിലായ പൊതുസമൂ
ഹം കുറ്റകരമായ മൗനം പുലര്‍ത്തിവരികയാണ്.
1975 ലെ അടിയന്തിരാവസ്ഥയേയും അതിനെ തുടര്‍ന്നുണ്ടായ മിസ എന്ന കരിനിയമത്തേയും ചെറുത്തു തോല്‍പ്പിക്കാന്‍ ജ
നാധിപത്യമാര്‍ഗ്ഗത്തില്‍ രാജ്യത്ത് പ്രക്ഷോഭങ്ങളുയര്‍ന്നുവന്നിരുന്നു. ഏകാധിപത്യ ഭരണകൂട ഭീകര പ്രവണതകളെ ചെറുക്കാന്‍ ആ പ്രസ്ഥാനത്തിന് സാധിച്ചത് ഇതില്‍ രാജ്യത്തെ ജനതയെ ഏകോപിപ്പിക്കാന്‍ സാധിച്ചു എന്നതുകൊണ്ടാണ്. അന്നത്തെ ജെ.പി പ്രസ്ഥാനത്തിന്റെ മോഡല്‍ ജനാധിപത്യ പ്രക്ഷോഭങ്ങളുയര്‍ത്തുക എന്നതാണ് പൊതു പൗരസമൂഹത്തിന്റെ ഉത്തരവാദിത്വം. ഇത്തരം നീക്കങ്ങളിലൂടെയേ നമ്മുടെ ഭരണകൂടത്തെ ജനാധിപത്യവത്കരിക്കാനാകൂ.

(കൈരളി നെറ്റ് ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, July 21, 2011

ഭീകര വിരുദ്ധയുദ്ധവും ഭരണകൂടം സൃഷ്ടിച്ചെടുത്ത പൊതുബോധവും- അജിത് സാഹി


കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിക്കു നീതികിട്ടാന്‍ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരം ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത്. അത് എനിക്കു നല്‍കിയ അംഗീകാരമായി കരുതുന്നു.മഅദനിയുടെ മുന്‍കാല അനുഭവം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് അദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും പിന്നീടി വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം നിരപ
രാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതെന്നും. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരാണ് ബാംഗ്ലൂര്‍ സ്‌ഫോഢനകേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഇങ്ങനെ ഒരു കേസില്‍ പ്രതിചേര്‍ത്തതിനെപ്പറ്റി കര്‍ണ്ണാടക സര്‍ക്കാാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരം പറയേണ്ടുന്ന പല ചോദ്യങ്ങളുമുണ്ട്.
ഞാന്‍ കഴിഞ്ഞവര്‍ഷം വരെ തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പല സന്ദര്‍ഭങ്ങളിലും രാജ്യമാകെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. അത്തരം യാത്രകളിലൂടെ രാജ്യത്തെ പല തടവറകളിലും നിരപരാധികളായ ധാരാളം ചെറുപ്പക്കാരെ -അവരില്‍ വലിയ വിഭാഗം മുസ്ലീങ്ങളാണ്- കള്ളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത് കണ്ടെത്താനായിട്ടുണ്ട്. കൂടുതല്‍ കേസുകളും ഭീകരത വിരുദ്ധയുദ്ധം എന്നതിന്റെ പേരിലാണ്. ഇത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമല്ല കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും മഹാരാഷ്ട്രയിലും ഇത്തരത്തിലുള്ള നിരവധി കേസുകളുണ്ട്. തീര്‍ച്ചയായും ഇതില്‍ അതിശകതമായ ഗൂഢാലോചനയുണ്ട്. കേവലം ഗൂഢാ
ലോചനമാത്രമല്ല. പോലീസിലും രാഷ്ടീയ നേതൃത്വങ്ങളിലും പൊതുസമൂഹത്തിലും നിലനില്‍ക്കുന്ന പൊതുബോധം ഇതില്‍ ശക്തമായി സ്വാധീനം ചെയുത്തുന്നുണ്ട്. ഭീകരവിരുദ്ധയുദ്ധം എന്ന പേരില്‍ ആരെ എന്തു ചെയ്താലും അതു എന്തിനാണെന്നു ചോദിക്കാന്‍ ആരും മുന്നോട്ടു വരില്ല. ഇതാണ് കര്‍ണ്ണാടകയില്‍ മഅദനിക്കു സംഭവിച്ചത്. ഇതുതന്നെയാണ് ഇന്ത്യയില്‍ നിരവധി മുസ്ലീം യുവാക്കള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച മുംബൈ ബോംബു സ്‌ഫോടനമുണ്ടായതിനെതുടര്‍ന്നുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇപ്പോള്‍ തന്നെ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചുകഴിഞ്ഞു. സ്‌ഫോഡനമുണ്ടായ രാത്രി കഴിയും മുന്‍പ് തന്നെ മീഡികള്‍ ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനും സിമിയുമാണെന്ന് പറയാന്‍ തുടങ്ങി. പോലിസിനെ ഉദ്ധരിച്ചുകൊണ്ടാണ് മീഡിയകള്‍ ഇത് നിരത്തുന്നത്. ഞാന്‍ നിരവധി പത്രങ്ങള്‍ പരിേേശാധിച്ചു.ചാനലുകളുടെ ചര്‍ച്ചകള്‍
കണ്ടു. പക്ഷേ ഒന്നിലും ഇക്കാര്യം വെളിപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനാരെന്നോ അയാളുടെ റാങ്ക് ഏതാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം നിലപാടുകള്‍ പ്രാകൃതമാണ്. ഇതാണ് യഥാര്‍ത്ഥ ക്രിമിനലിസം. പോലീസ് തന്നെ നിരപരാധികളെ ക്രമിനലുകളാക്കി ചിത്രീകരിക്കുന്നു; സംശയങ്ങല്‍ ജനിപ്പിക്കുന്നു.
സിമിയുടെ പേരു പറഞ്ഞ് നൂറുകണക്കിന് ചെറുപ്പക്കാരെ 2001 ല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഏതാണ്ട് മുഴുവന്‍ പേരും ഇത്തരത്തില്‍ ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടപ്പെട്ടവരാണെന്ന് കോടതികളില്‍ തെളിയികാന്‍ സാധിച്ചിട്ടില്ല. ഗുജറാത്ത് , ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് , ഡല്‍ഹി എന്നിവടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും ഉള്ളത്. ഒരുമാസം മുന്‍പ് 4 ചെറുപ്പക്കാര്‍ മദ്ധ്യപ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേര്‍ ഉജ്ജയിനില്‍ നിന്നും മറ്റ് രണ്ടുപേര്‍ മറ്റൊരു പട്ടണത്തില്‍ നിന്നുമാണ്. പോലീസ് പറയുന്നത് ഇവര്‍ സിമിയുടെയും ഇന്ത്യന്‍ മുജാഹിദീന്റേയും പ്രവര്‍ത്തകരാണെന്നാണ്.
ഞാനും മനുഷ്യാവകാശപ്രവര്‍ത്തകയുമായ മനീഷ സേഥിയും എന്നോടോപ്പമുണ്ടായിരുന്നു. ഡല്‍ഹി ജാമിയമില്ലിയ ടീച്ചേഴ്‌സ് സോളിഡാരിറ്റി ഫോറത്തിന്റെ പ്രവര്‍ത്തകയാണ് മനീഷ. 2008 ലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ യഥാര്‍ത്ഥവസ്തുതകള്‍ പുറം ലോകത്തെ അറിയിക്കുന്നതിന് ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് മനീഷാ സേഥി. ഞങ്ങള്‍ പോലിസ് അറസ്റ്റുചെയത ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ചു. നാട്ടുകാരുമായി സംവദിച്ചു. പോലീസ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ആ നാലു ചെറുപ്പക്കാര്‍ക്കെതിരെ ഉന്നയിക്കുന്നതെന്ന് ഞങ്ങള്‍ക്കു ബോധ്യമായി.

മദ്ധ്യപ്രദേശിലെ കണ്ടുവ സിറ്റിയില്‍ 10 മുസ്ലീം ചെറുപ്പക്കാരെ പോലീസ് അരസ്റ്റ് ചെയ്തിരുന്നു. അവര്‍ ഭീകരാക്രമണ പദ്ധതിയിടാന്‍ യോഗം ചേന്നപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം. അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞതിന് രണ്ട് ദിവസം മുന്‍പ് അക്കൂട്ടത്തില്‍പ്പെട്ട ചെറുപ്പക്കാരന്റെ സഹോദരന്‍ -അദ്ദേഹം ഒരഭിഭാഷകനാണ.്- രണ്ടു ദിവസം മുന്‍പ് തന്റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയെന്നും പിന്നീടി തിരികെ വീട്ടിലെത്തിയില്ലെന്നും പരാതി ന
ല്‍കിയിരുന്നു. ഇത് കോടതില്‍ സമ്മതിച്ച പോലീസ് അവനെ അറസ്റ്റ് ചെയ്ത ഉടനെ വിട്ടയച്ചു എന്നാണ് പറഞ്ഞത്.രണ്ടു ദിവസം മുന്‍പ് അറസ്റ്റിലായ ഒരാള്‍ അതേ സ്ഥലത്ത് പരസ്യമായി ഭീകരാക്രമണ പദ്ധതി തയ്യാറാക്കാന്‍ യോഗം ചേരുമോ?ഇങ്ങനെയാണ് കേസുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.
തെഹല്‍ഖ കേരള റിപ്പോര്‍ട്ടറായ കെ.കെ ഷാഹിനക്കെതിരെ കര്‍ണ്ണാടക പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ് ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ്. അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെയുള്ള കേസുകളുടെ വസ്തുത അന്വേഷിക്കാന്‍ ഒരുമ്പെട്ടു എന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്,. ആ കേസിലെ സാക്ഷികളെ കണ്ട് അവരുമായി സംസാരിച്ച് മഅദനിക്കെതിരെയുള്ള കേസ് വ്യാജമാണെന്നു പുറത്തറിയിച്ചപ്പോള്‍ ഷാഹിനയെത്തന്നെ ഒരു കേസില്‍ പ്രതിയാക്കുകയായിരുന്നു!
ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. എന്താണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും നേരെ ഭരണകൂടം എങ്ങനെയാണ് പെരുമാറുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍ സിമി എന്നീ പേരുകളില്‍ എത്രപേരാണ് ദിനവും പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്താണ് ഇന്ത്യന്‍ മുജാഹിദീന്‍. എനിടെയാണ് ഇതിന്റെ കേന്ദ്രം?. ലോകത്തുള്ള ഭീകര സംഘടനകള്‍ക്കെല്ലാം ഒരു കേന്ദ്രമുണ്ട്. ഫണ്ട് കണ്ടെത്തുന്നതിന്റെ ശൃംഖലയുണ്ട്. പക്ഷേ ഇന്ത്യന്‍ മുജാഹിദീനെക്കുറിച്ചു പറഞ്ഞാല്‍ ഇതൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല.ടിഫിന്‍ ബോക്‌സില്‍ ബോംബുവച്ചതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നാണ് പോലീസ് പറയുന്നത്. ആ
ര്‍ക്കും ടിഫിന്‍ ബോക്‌സില്‍ ബോംബു വയ്ക്കാമെല്ലോ! അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബുണ്ടാക്കിയത്. അതുകൊണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ എന്നും പോലീസ് പറയുന്നു. രാജ്യത്ത് ധാരാളമായി കിട്ടുന്ന രാസ വസ്തുവാണ് അമോണിയം
നൈട്രേറ്റ്. അതുപയോഗിക്കുന്നവരെല്ലാം ഇന്ത്യന്‍ മുജാഹിദീനാണോ! നിരവധി മുസ്ലീം ചെറുപ്പക്കാരെ ഇന്ത്യന്‍ മുജാഹിദീന്‍ എന്നപേരില്‍ അറസ്റ്റു ചെയ്യുകയാണ!്.പോലീസിന് ഒരു കൊലപാതകിയെ കൊല നടത്തുന്നതിന് മുന്‍പ് അറസ്റ്റു ചെയ്യാന്‍ കഴിയുമോ? പോലീസിന് ഒരു ബലാല്‍സംഗക്കേസിലെ പ്രതിയെ അവന്‍ ബലാല്‍സംഗം ചെയ്യുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാവുമോ? പക്ഷേ ടെററിസത്തിന്റെ പേരില്‍ അത്തരം ഒരു പ്രവര്‍ത്തിയിലേര്‍പ്പെടാത്തവരേയും പോലീസിന് ടെററിസ്റ്റ് എന്ന പേരില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയും. ഇത് വളരെ വിചിത്രമാണ്. അമ്പരിപ്പിക്കുന്നതാണ്.
മഅദനിയുടെ വിഷയത്തില്‍ കോടതിയിലെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ഇത് തള്ളപ്പെടുന്ന കേസാണെന്ന് എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കും. താമസിച്ചെത്തുന്ന നീതി നീതി നിഷേധത്തിന് തുല്യമാണ്. മഅദനി ഒരു പൊതു പ്രവര്‍ത്തകനാണ്. രാഷ്ട്രീയ നേതാവാണ്. അദ്ദേഹം അതി വേഗം നീതി അര്‍ഹിക്കുന്നു. ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയിലും അതിലുപരി പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും. ഒരു കേസിന്റെ വിചാരണക്കായി വര്‍ഷങ്ങള്‍ കാത്തിരിക്കുക എന്നത് നീതി നിഷേധമാണ്. അതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഫാസ്റ്റ് ട്രാക്കില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ തീര്‍പ്പു കല്പിക്കണം. ഇതിനായി പരിശ്രമിക്കുക എന്നത് കേരളാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കര്‍ണ്ണാടകാ സര്‍ക്കാരിന്റെ ബാധ്യതയുമാണ്.
മഅദനിക്കു നീതി ലഭിക്കാന്‍ വേണ്ടി നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും എന്റെ എളിയ പിന്തുണ ഉണ്ടാകും..

(ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 20-07-2011 ല്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പൗരാവകാശ പ്രവര്‍ത്തകരുടെ ധര്‍ണ്ണയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
മൊഴിമാറ്റം- കെ.സജീദ്

Wednesday, January 5, 2011

കേരള പഠനകോണ്‍ഗ്രസ്സ് -കേരള വികസനം ചില ചിന്തകള്‍ -അഥവാ ഇ.എം.എസില്‍ നിന്ന് തോമസ് ഐസക്കിലേക്കുള്ള ദൂരം


എകെജി പഠന ഗവേഷണ കേന്ദ്രം ജനുവരി 1 മുതല്‍ 3 വരെ സംഘടിപ്പിച്ച കേരളാ പഠനകോണ്‍ഗ്രസ്സ് കേരള വികസനത്തെപ്പറ്റിയും വികസന രീതിശാസ്ത്രത്തെപ്പറ്റിയും കേരളത്തിലെ സി.പിഎമ്മിന്റെ നയനിലപാടുകളെ സംബന്ധിച്ചും
സുവ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷേ പഠന കോണ്‍ഗ്രസ്സില്‍ എതിര്‍ വീക്ഷണങ്ങള്‍ക്ക് വേണ്ടത്ര സപേയ്‌സ് അനുവദിക്കാതിരുന്നത് അതിന്റെ വലിയ പരിമിധി തന്നെയാണ്. പങ്കാളിത്തതിലും സി.പിഎമ്മിന്റെ പ്രവര്‍ത്തകരും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരുമല്ലാത്ത വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ ഒരുപക്ഷേ സി.പിഎമ്മിന് മാത്രം കഴിയുന്ന മുന്നൊരുക്കത്തോടെയും വ്യവസ്ഥാപിതവുമായുമായിരുന്നു പഠന കോണ്‍ഗ്രസ്സിന്റെ പരിപാടി എന്ന നിലയിലുള്ള സംഘാടനം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശേഷിച്ചും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വാളന്റിയര്‍ സേവനം കോണ്‍ഗ്രസ്സിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ സഹായകമായി. സര്‍വ്വോപരി കേരള വികസനത്തെക്കുറിച്ച് എന്ത് തന്നെയായാലും ഒരുകൂട്ടര്‍ ഗൗരവമായി ചര്‍ച്ച നടത്തുന്നു എന്നത് പോസിറ്റീവായി തന്നെ കാണേണ്ടതാണ്. പഠന കോണ്‍ഗ്രസ്സിന്റെ സമീപന രേഖയും പേപ്പറുകളുടെ അബ്‌സ്ട്രാക്ടുമടങ്ങിയ കൈപ്പുസ്തകങ്ങളില്‍ സംബന്ധിച്ച അക്ഷരത്തെറ്റുകളുടെ കൂമ്പാരം മാറ്റി നിര്‍ത്തിയാല്‍ മികച്ച സംഘാടനം നല്ല ഭക്ഷണം (ആഡംബര ഭക്ഷണമൊന്നുമല്ല) നല്ല പരിചരണം ഇതില്‍ സംഘാടകര്‍ക്ക് 100 മാര്‍ക്കും നല്‍കുന്നു.
കേരളത്തിലെ ഏറ്റവും വലിയ കേഡര്‍ പ്രസ്ഥാനം എന്ന നിലക്കും ഇന്നത്തെ കേരളത്തിന്റെ നിര്‍മ്മിതിയില്‍ പല നിലക്കും നിര്‍ണ്ണായകമായ സംഭാവനകള്‍ അര്‍പ്പിച്ചവര്‍ എന്ന നിലയിലും കേരളത്തില്‍ സി.പി.എമ്മിന്റെ നയ സമീപനങ്ങള്‍ക്ക് കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിയും.1994 ല്‍ ഇ.എം.എസ് രൂപ കല്‍പ്പന ചെയ്ത ഒന്നാം പഠന കോണ്‍ഗ്രസ്സ്
ഇടതുപക്ഷ അടിത്തറയില്‍ മാക്‌സിയന്‍ രീതിശാസ്ത്രത്തില്‍ നിന് വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെങ്കില്‍ 2005 ലെ രണ്ടാം പഠന കോണ്‍ഗ്രസ്സ് ആഗോളവത്കരണ നയങ്ങള്‍ വരുത്തിയ മാറ്റങ്ങളില്‍ ചിലവയോട് സമരസപ്പെടുന്നതായും കാണാം. മൂന്നാം കോണ്‍ഗ്രസ്സ് ആയപ്പോള്‍ സി.പി.എമ്മിന്റെ നയസമീപനം മുതലാളിത്തവത്കരണത്തിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മാത്രമേ വികസന കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയൂ എന്നതായി പരിവര്‍ത്തിക്കപ്പെട്ടുകഴിഞ്ഞു. ചെറുതനിമകളെ തള്ളിപ്പറയുകയും കോര്‍പ്പറേറ്റ് സാന്നിദ്ധ്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് വികസനവുമായി ബന്ധപ്പെട്ട് കൃഷി, ഊര്‍ജ്ജം, തീരദേശ വികസനം, വ്യവസായം തുടങ്ങിയ മേഖലകളില്‍ പഠനകോണ്‍ഗ്രസ്സില്‍ അവതരിക്കപ്പെട്ട പേപ്പറുകള്‍ മിക്കതും.
ഊര്‍ജ്ജ മേഖലയെ സംബന്ധിച്ച് കേരളത്തില്‍ ഊര്‍ജ്ജപ്രതിസന്ധി ഇന്നില്ല. എന്നാല്‍ ഊര്‍ജ്ജക്കമ്മി അനുഭവിക്കുന്നുണ്ടുതാനും. ഭാവിയില്‍ ഇത് ഊര്‍ജ്ജ പ്രതിസന്ധിയായി മാറാനും വഴിയൊരുക്കും. ഇതിനെ മറികടക്കാന്‍ വീണ്ടും അതിരപ്പിള്ളി പോലെ പാത്രക്കടവ് പോലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്ന വന്‍കിട പദ്ധതികളാണ് പഠന കോണ്‍ഗ്രസ്സില്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന, തദ്ദേശ
സ്ഥാപനങ്ങള്‍വഴിതന്നെ മുന്നോട്ട് കൊണ്ടുപോകാവുന്ന ചെറുപദ്ധതികളെ തള്ളിക്കളയുന്നുണ്ട് സമീപന രേഖ. അധികാര വികേന്ദ്രീകരണത്തിന്റെ സാദ്ധ്യത ഇവിടെ ഉപയോഗപ്പെടുത്താന്‍ അറപ്പെന്തിന്?എന്നാല്‍ വരാനിരിക്കുന്ന വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ ന്യായീകരണം സമീപന രേഖയില്‍ നിരത്തുന്നത് കാണാതിരുന്നുകൂട.
ജൈവികമായ പ്രതിസന്ധി നേരിടുന്ന പ്രദേശമാണ് കേരള തീരദേശം. കഴിഞ്ഞ പത്തുവര്‍ഷമായി ഉണ്ടായ കേന്ദ്ര നിയമങ്ങള്‍ തീരദേശത്തു നി്ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അന്യവത്കരിക്കുന്നതിനാണ് സഹായകമായിട്ടുള്ളത്. ഇന്ത്യയിലെ മത്സ്യ സമ്പത്തിന്റെ മുപ്പത് ശതമാനത്തിലധികം കേരള തീരത്തുനിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ആകെ മത്സ്യസമ്പത്തിന്റെ ആധികാരികമായ കണക്കോ മത്സ്യ സ്പീഷിസുകളുടെ ഇന്നത്തെ എണ്ണമോ സങ്കല്‍പ്പമല്ലാതെ യഥാര്‍ത്യബോധത്തോടെ തയ്യാറാക്കിയ രേഖകള്‍ സര്‍ക്കാരിന്റെ കയ്യിലോ മറ്റേതെങ്കിലും പഠന ഏജന്‍സികളുടെ പക്കലോ ഇല്ല. മത്സ്യ ത്തൊഴിലാളികള്‍ക്ക് ഇടത്തട്ടുകാരെ ഒഴിവാക്കി തങ്ങളുടെ അദ്ധ്വാനത്തിന് ഇനിയും അര്‍ഹമായ പ്രതിഫലം ലഭിക്കാത്ത മേഖലയില്‍ കുത്തകകളും ഇടത്തട്ടുകാരും ആണ് ഗുണഫലം അനുഭവിക്കുന്നത്. ഇതിനെ മറികടക്കാന്‍ മത്സ്യഫെഡിനെ ശക്തിപ്പെടുത്തുന്നതടക്കം ചില നിര്‍ദ്ദേശങ്ങള്‍ രേഖയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് ആശാവഹമാണ്.എന്നാല്‍ തീരം നേരിടുന്ന പ്രതിസന്ധികളെ ടൂറിസത്തിന്റയും വ്യവസായ വ
ത്കരണത്തിന്റേയും അനന്തര ഫലമായുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ നേരിടുന്നതില്‍, തീരമേഖല കുത്തകള്‍ റിസോര്‍ട്ടുകളും മറ്റ് ആഡംബര കേന്ദ്രങ്ങളും ഉയര്‍ത്തുമ്പോള്‍ നിലവിലുള്ള തീര നിയന്ത്രണ നിയമ പ്രകാരം മത്സ്യത്തൊഴിലാഴി ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീക്കുന്നതില്‍ ഒന്നും കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ല എന്ന് മാത്രമല്ല കരിമണല്‍ ഖനനമേഖലയിലെ സ്വകാര്യ നിക്ഷേപമമടക്കമുള്ള അപകടകരമായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. തീരസമ്പത്ത് കൊള്ളയടിക്കുകയും പരമ്പരാഗത മേഖലയെ അപകടപ്പെടുത്തുകയും ചെയ്യുന്ന ട്രോളറുകളോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ല. മത്സ്യ മേഖലയില്‍ നിന്നു അകറ്റിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തിരിച്ച കൊണ്ടുവരുന്നതിലൂടെ മാത്രമേ മത്സ്യസമ്പത്തിന്റെ സുസ്ഥിരത നിലവിര്‍ത്താനാവൂ എന്ന സമീപനത്തിലേക്ക് മുതലാളിത്ത രാജ്യങ്ങള്‍ പോലും മാറുമ്പോള്‍ കേരളത്തില്‍ പരമ്പരാഗത മേഖലയിലെ തകര്‍ച്ചയോട് നിസംഗത പുലര്‍ത്തുകയാണ് പഠന കോണ്‍ഗ്രസ്സ് ചെയ്തത്

കാര്‍ഷിക മേഖലയിലെ നയ സമീപനം ഇതിനകം തന്നെ ശക്തമായ വിവാദങ്ങള്‍ പാര്‍ട്ടിക്കകത്തും മുന്നണിയിലും കേരളത്തിലും ഉയര്‍ത്തിയല്ലോ. ജനിതകമാറ്റം വരുത്തിയ വിളകള്‍ മോണ്‍സാന്റോയും ഡ്യൂപ്പോണ്ടുമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത്. കാത്തോലിക്ക സഭയടക്കുള്ള സ്വകാര്യ ഏജന്‍സികളെ ഉപയോഗപ്പെടുത്തി ജനിതകമാറ്റം വരുത്തിയ വിളകളാണ് കാര്‍ഷിക വിപ്ലവത്തിന് നിദാനമെന്ന് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ സി.പി.എം പോലെയുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ജനിതക വിളകള്‍ പരീക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അത് ഞെട്ടിപ്പിക്കുന്ന ഒന്നായി തോന്നുന്നതില്‍ അത്ഭുദമില്ല. വിശേഷിച്ചും ഇന്നുവരെ നിഷ്പക്ഷ ശാസ്ത്രജ്ഞരോ ഐക്യരാഷ്ട്ര സഭ പോലുമോ ജനിതകമാറ്റം വരുത്തിയ വിളകള്‍ അപകടമന്നെന്ന് വിലയിരുത്തിയിട്ടില്ലെന്നിരിക്കെ. ഭഷ്യയോഗ്യമായ വിളകളുടെ കൂട്ടത്തില്‍ ജി.എം വിളകളെ UN ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുമില്ല. ശാസ്ത്രത്തിന്റെ പുരോഗതി കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തണം എന്നതിലല്ല തടസ്സവാദം. ജി.എം വിളകള്‍ അപകടം മാത്രമേ ചെയ്യൂവെന്ന് വ്യക്തവുമാണ്. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ ബി.റ്റി പരുത്തി വിത്തില്‍ ചെന്നെത്തി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.ആഗോള വത്കരണത്തിലെ കൃഷി എന്ന പഠന കോണ്‍ഗ്രസ്സിലെ സിമ്പോസിയത്തില്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എസ്.ആര്‍.പിയോട് വിയോജിച്ചുകൊണ്ട് ജി.എം വിളകളെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉയര്‍ന്ന കരഘോഷം ഇക്കാര്യത്തില്‍ സി.പിഎമ്മിനുള്ളില്‍ തന്നെയുള്ള എതിരഭിപ്രായങ്ങളുടെ ചൂണ്ടുപലകയാണ്.

ഈ പഠനകോണ്‍ഗ്രസ്സില്‍ സജീവമായി നിഴലിച്ച ഒന്നാണ് മാധ്യമ പ്രവര്‍ത്തനത്തിന്റെ അപചയങ്ങളെ വിലയിരുത്തുന്ന ചര്‍ച്ചകള്‍. പോലീസ് ഭാഷ്യങ്ങളെ അതേപടി വാര്‍ത്തയാക്കുകയും സത്യം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന അധാര്‍മ്മിക പത്ര പ്രവര്‍ത്തനം , പെയ്ഡ് ജേര്‍ണ്ണലിസം അടക്കമുള്ളവ വ്യത്യസ്ത സെഷനുകളില്‍ ഉയര്‍ന്നു വന്നു. സായിനാഥിനെപ്പോലെയുള്ള വ്യതിരിക്ത മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യവും സത്യാന്വേഷണമാധ്യമ പ്രവര്‍ത്തനത്തില്‍ ഇരയായി തീര്‍ത്ത ഷാഹിനയുടേയുമൊക്കെ സാന്നിദ്ധ്യം മാധ്യമ ചര്‍ച്ചകളെ ജനപ്രീയങ്ങളാക്കി.

കേരളത്തില്‍ ഇന്നു നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്‌കരണം. ഇതില്‍ സുവ്യക്തമായ പഠനങ്ങള്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്നിവ ഇനിയുമുണ്ടാകേണ്ടത് അവശ്യമാണ്. പഠന കോണ്‍ഗ്രസ്സില്‍ ഏറ്റവും ദുര്‍ബലവും ഇരുട്ടില്‍ തപ്പുന്നതുമായി കണ്ട ഒരു വിഭാഗം മാലിന്യ സംസ്‌കരണം തന്നെയാണ്. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്കും ഇലക്രടോണിക് വേ
സ്റ്റുകളുമടക്കം നിയന്ത്രണാതീതമായി പെരുകുന്ന സാമൂഹ്യാവസ്ഥയില്‍ ഇനി മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല എന്ന നഗ്നസത്യം തുറിച്ചു നോക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ ഗൗരവത്തില്‍ ഇനിയും പഠനത്തിനു വിധേയമാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധി വളരെ വലുതാണ്.
77 വിഷയങ്ങളില്‍ ചര്‍ച്ചയും 10 സിമ്പോസിയങ്ങളും ഉദ്ഘാടന സമാപന സമ്മേളനങ്ങളുമാണ് മൂന്നു ദിവസത്തെ പഠന കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു പ്രതിനിധിക്ക് ഷെഢ്യൂള്‍ അനുസരിച്ച് ഉദ്ഘാടന - സമാപന സമ്മേളനങ്ങളിലും 4 ചര്‍ച്ചകളിലും 3 സിമ്പോസിയങ്ങളിലും മാത്രമേ പങ്കെടുക്കാനാവൂ എന്നത് പരിമിധി തന്നെയാണ്. 3 ദിവസത്തെ കോണ്‍ഗ്രസ്സില്‍ ഇതേ സാദ്ധ്യമാകൂ. പ്രവാസം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, സിനിമ, സംസ്‌കാരം , തുടങ്ങി നിരവധി വിഭാഗങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. എങ്കിലും കേരളത്തില്‍ ഇന്നു നടക്കുന് ജനകീയ സമരങ്ങളുടെ കാതലായ ഭൂവിനിയോഗത്തെക്കുറിച്ച് പഠന കോണ്‍ഗ്രസ്സ് മൗനം പാലിച്ചത് ഗുതുതരമായ വീഴ്ചയാണ്. ഭൂപരിഷ്‌കരണമടക്കം വിവാദമായി ന്ല്‍ക്കുന്ന കാലത്ത് സര്‍്ക്കാരിന്റെ വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ് വന്‍ എതിര്‍പ്പുകള്‍ക്കു വിധേയമാകുന്ന സന്ദര്‍ഭത്തില്‍ കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് സി.പിഎം പോലെയുള്ള പാര്‍ട്ടിക്കു ചര്‍ച്ച നടത്താന്‍ കഴിയാതിരിക്കുക എന്നത് ഗൗരവതര
മാണ്.
ഇടതുപക്ഷപ്പാര്‍ട്ടി എന്ന നിലയില്‍ നിന്ന് ആഗോളവത്കരണത്തിന്റേയും മുതലാളിത്തവത്കരണത്തിന്റേയും ബദല്‍ തേടുന്നതിനപ്പുറം സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുന്ന വിഭാഗം എന്ന നിലയിലേക്കുള്ള സി.പി.എമ്മിന്റെ ജനിതകമാറ്റത്തിന് ന്യായീകരണം തേടുന്ന വിധത്തിലുള്ള ചര്‍ച്ചകളിലേക്ക് പഠന കോണ്‍ഗ്രസ്സ് പരിവര്‍ത്തിച്ചു. അതായത് വരും കാലങ്ങളില്‍ സി.പിഎം കേരളത്തിലുയര്‍ത്തുന്ന വികസന അജണ്ട പൂര്‍ണ്ണമായും ആഗോളികരണത്തിന്റേതായിരിക്കും എന്നത് ഇനി
പതുക്കെപ്പറയേണ്ടതില്ല. ഇ.എം.എസില്‍ നിന്ന് തോമസ് ഐസക്കിലേക്ക് പാര്‍ട്ടിയുടെ പഠന ഗവേഷണങ്ങള്‍ കൈമാറപ്പെട്ടപ്പോള്‍ 1994 ലെ പഠന കോണ്‍ഗ്രസ്സും 2011ലെ പഠന കോണ്‍ഗ്രസ്സും തമ്മിലെ ദൂരം വലുതാണ്. മാര്‍ക്‌സിയന്‍ ചിന്താധാരയും മുതലാളിത്തവും തമ്മിലുള്ള ദൂരത്തോളം


Thursday, August 12, 2010

കിനാലൂര്‍ സമരത്തിന്റെ ചരിത്ര രേഖയായി കിനാലൂര്‍ സമര സാക്ഷ്യം

കേരളത്തിലെ നവരാഷ്ട്രീയ മുന്നേറ്റങ്ങളില്‍ കിനാലൂര്‍ സമരം ഒരു നാഴികക്കല്ലാണ്.വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയില്‍ കിനാലൂരിലുള്ള 300 ഏക്കര്‍ ഭൂമിയിലേക്ക് 26 കിലോമീറ്റര്‍ നാലുവരിപ്പാത പണിയുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ ജനതയാണ് കിനാലൂര്‍ സമരം നയിച്ചത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനമായ സി.പി.ഐ(എം) പൂര്‍ണ്ണ മുതലാളിത്തപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചതിന്റെ നേര്‍ സാക്ഷ്യമാണ് കിനാലൂര്‍ സമരത്തിലൂടെ തുറന്ന് കാട്ടപ്പെട്ടത്. 2010 മെയ് 6 ന് അമ്മമാരും സഹോദരിമാരും വൃദ്ധരുമുള്‍പ്പെടുന്ന ജനക്കൂട്ടം കിനാലൂരിലെ സങ്കല്പ പദ്ധതിയിലേക്കുള്ള റോഡിന് വേണ്ടി തങ്ങളുടെ കിടപ്പാടം അക്വയര്‍ ചെയ്യുന്നതിനായെത്തിയ സര്‍വ്വേ ഉദ്യോഗസ്ഥരെ തടയുകയും സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്യുന്നതിനിടെ പോലീസ് മുന്‍ നിശ്ചയിച്ചപ്രകാരം നടത്തിയ നരനായാട്ടും അതിനെ ന്യായികരിച്ചുകൊണ്ട് കേരള ഭരണം കൈയ്യാളുന്ന സി.പി.എം നേതൃത്വം നടത്തിയ ആക്രോശങ്ങളും കേരളം ഒരിക്കലും മറക്കാനിടയില്ല. സി.പി.എമ്മിന്റെ ഭാഷയില്‍ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെടുന്ന ജനങ്ങള്‍ ഭീകരരും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണ്. കാരണം അവര്‍ ചാണകം എന്ന മാരാകായുധം ഉപയോഗിച്ചത്രേ!. വ്യവസായ മന്ത്രി എളമരം കരീം നേതൃത്വം നല്‍കിയ ദുഷ്പ്രചരണങ്ങള്‍ സമരത്തെ കൂടുതല്‍ കരുത്തുള്ളതുമാക്കി. കിനാലൂര്‍ സമരത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന രേഖയായി കണക്കാവുന്നതാണ് സോളിഡാരിറ്റി കോഴിക്കോട് ജില്ല പുറത്തിറക്കിയ കിനാലൂര്‍ സമരസാക്ഷ്യം എന്ന പുസ്തകം. റഫീക്ക് റഹ്മാന്‍ മൂഴിക്കല്‍ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 3 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ഉമ്മന്‍ചാണ്ടി, എംജി.എസ്, എം.പി വീരേന്ദ്രകുമാര്‍, ബി.ആര്‍.പി ഭാസ്‌കര്‍, സി.ആര്‍ നീലകണ്ഠന്‍, യു.കെ കുമാരന്‍, പി.മുജീബ്‌റഹ്മാന്‍, റസാഖ് പാലേരി, ജി. നിര്‍മ്മല, ഫൗസിയ ഷംസ് എന്നിവരുടെ ലേഖനങ്ങളും കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക, വര്‍ത്തമാനം, മംഗളം തേജസ്, ജന്മഭൂമി എന്നീ ദിനപത്രങ്ങളില്‍ ഈ വിഷയത്തില്‍ വന്ന മുഖപ്രസംഗങ്ങളും മൂന്നാം ഭാഗത്തില്‍ കിനാലൂര്‍ സമര നേതാക്കളായ റഹ്മത്തുല്ല മാസ്റ്റര്‍, നിജേഷ് അരവിന്ദ്, ദേവദാസ് മോരിക്കര എന്നിവരുടെ ലേഖനങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നാട്ടിലെ കണ്ണ് കുഴിഞ്ഞ് കവിളൊട്ടിയ 'തീവ്രവാദിക'ളും നെഞ്ചുന്തി മെലിഞ്ഞുണങ്ങിയ 'ഭീകരവാദി'കളുമായ പച്ചമനുഷ്യര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം കിനാലൂര്‍ സമരത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവംലബിക്കാവുന്ന ചരിത്ര രേഖയാണ്.

Tuesday, July 13, 2010

നിയമം അതിന്റെ വഴിക്ക് നടക്കട്ടെ അഥവാ നീതിയെ കുഴിയില്‍ മൂടട്ടെ

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നീതി വ്യവസ്ഥയുടെ ആപ്തവാക്യമായി അംഗീകരിക്കപ്പെട്ടത് ഉന്നതമായ നീതി ഉയര്‍ത്തിപ്പിടിക്കാനാണ്. എന്നാല്‍ ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധി എന്ന് കോടതി വിധിച്ച അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും കാരാഗൃഹത്തിലേക്ക് തളക്കാനൊരുങ്ങുമ്പോള്‍ പലയിടങ്ങളില്‍ നിന്നായി കേള്‍ക്കുന്ന ഒന്നാണ് നിയമം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന വാചകം. നിയമം അതിന്റെ വഴിക്ക് നടന്നതിന്റെ ഫലമാണല്ലോ കോയമ്പത്തൂരിലും സേലത്തുമായി അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ഒന്‍പത്് വര്‍ഷം ചിലവഴിക്കേണ്ടി വന്നത്. അന്ന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസാണ് ദേശസുരക്ഷാ നിയമം ചാര്‍ത്തി അദ്ദേഹത്തെ തടവറയിലേക്ക് തള്ളിവിട്ടതെങ്കില്‍ ഇതാ മറ്റോരു സ്‌ഫോടന കേസുമായി ഇപ്പോള്‍ രംഗമൊരുക്കുന്നത് അന്ന് ജയലളിതയുടെ തമിഴ് നാടാണെങ്കില്‍ ഇന്ന് യദിയൂരപ്പ ഭരിക്കുന്ന കര്‍ണ്ണാടകയിലാണ്
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി ബാഷയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് അന്ന് ആരോപിച്ചതെങ്കില്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറുമായി സംസാരിച്ചു എന്നതാണ് ഇപ്പോഴത്തെ കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ കാരണം. അതിന് ഉപോദ്ബലകമായി പോലീസ് ചേര്‍ത്ത സാക്ഷിമൊഴികള്‍ മുഴുവന്‍ കളവാണെന്ന് കോടതിചേരുംമുമ്പ് തന്നെ പുറത്തായി എന്നതാണ് ഇതിന്റെ സവിശേഷത. സാധാരണ കോടതി മുറിയില്‍ വരുമ്പോഴാണ് സാക്ഷിമോഴികള്‍ വ്യാജമെന്ന തെളിയിക്കപ്പെടുന്നത്. ഇവിടെ മഅ്ദനി തടിയന്റവിടെ നസീറുമായി സംസാരിക്കുന്നത് കണ്ടു എന്ന് മൊഴികോടുത്ത സാക്ഷികളില്‍ ഒന്ന് ആലുവ സ്വദേശിയായ ഒരുവ്യക്തിയാണ്. കടുത്ത അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഡിസംബര്‍ 14 ന് മരിച്ച് ആവ്ക്തി പോലീസിന് മൊഴികൊടുത്തത് ഡിസം 11 ന് ആണത്രേ!. മരണത്തോട് മല്ലിട്ട് ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം 3 ദിവസം മുന്‍പ് ഇങ്ങനെ ഒരു മൊഴി കര്‍ണ്ണാടക പോലീസിന് കൊടുത്തു എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം. മറ്റൊരു സാക്ഷി മഅ്ദനിയുടെ വാടക വീടിന്റെ ഉടമസ്ഥന്‍ ജോസ് വര്‍ഗ്ഗീസാണ്. മഅ്ദനിയും തടിയന്റവിട നസീറും സംസാരിക്കുന്നത് ഇദ്ദേഹം കേട്ടു എന്നതാണ് ആ മൊഴിയിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ജോസ് വര്‍ഗ്ഗീസ കര്‍ണ്ണാടക പോലീസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ചെയ്തിരിക്കുന്നു. ഒരു കേസ് കോടതിയില്‍ വിചാരണ തുടങ്ങും മുന്‍പ് ഒരു സാക്ഷി തന്റെ മൊഴി വ്യാജമായി ചേര്‍ത്തതാണെന്ന് പറഞ്ഞ് നിയമനടപടിക്കൊരുങ്ങുക എന്നത് ഇന്ത്യന്‍ നീതി ന്യായചരിത്രത്തിലെ പുതിയ ഒരു സംഭവമാണ്. 
മഅ്ദനിയുടെ അനുജന്‍ ജമാലിന്റേയും ഗുരുനാഥന്‍ അബൂബക്കര്‍ ഹസ്രത്തിന്റേയും പിതാവ് അബ്ദുസമദ് മാസ്റ്ററിന്റേയും മൊഴികളും വ്യാജമാണെന്ന് അവര്‍ പറയുന്നു. കര്‍ണ്ണാടക പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും അങ്ങനെ മൊഴികൊടുത്തിട്ടില്ലെന്നും ഇവരെല്ലാം പറയമ്പോള്‍ ഇത് കോടതിയില്‍ വിചാരണയില്‍ നിലനില്ക്കുന്ന കേസല്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഇവിടെയാണ് നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന വാചകത്തിലെ അപകടം പുറത്താകുന്നത്.

കര്‍ണ്ണാടകയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടാണ് ഇപ്പോള്‍ മഅ്ദനിക്ക നേരേയുള്ളത്. കര്‍ണ്ണാടക ഭരിക്കുന്ന യദിയൂരപ്പ സര്‍ക്കാരിന്റെ നിലപാട് ഇ.ക്കാര്യത്തില്‍ എന്തായിരിക്കുമെന്നറിയാന്‍ പാഴൂര്‍ പടിക്കല്‍പോയി ആരും പ്രശ്‌നം വച്ചു നോക്കേണ്ടതില്ല. പ്രമോദ് മുത്തലിഖ് എന്ന ക്വട്ടേഷന്‍ വര്‍ഗ്ഗീയ കലാപ സൃഷ്ടാവ് പ്രതിയായാ 18 കേസുകളുള്‍പ്പെടെ 5000 കേസുകള്‍ എഴുതിത്തള്ളി തങ്ങളുടെ യഥാര്‍ത്ഥ വര്‍ഗ്ഗീയ അജണ്ട വെളിപ്പെടുത്തി തന്നെയാണ് യദിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ട പോകുന്നത്. തെക്കേ ഇന്ത്യന്‍ മോഡിയായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്ന യദിയൂരപ്പക്ക് കിട്ടുന്ന മലംകോളാണ് മഅ്ദനി. 
കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ കഴിയുന്നത്ര പുതിയപുതിയ കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് കാലങ്ങളോളം ഇരുട്ടറയില്‍ ഒരു മനുഷ്യ ജന്‍മത്തെ തളക്കാന്‍ വേണ്ട എല്ലാ കോപ്പുകളും സ്വരുക്കൂട്ടിയാകണം കര്‍ണ്ണാക സര്‍ക്കാരും പോലീസും കഥകള്‍ മെനെഞ്ഞെടുക്കുന്നത്. 
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നു പറയുന്നവര്‍ ഇവിടെ മഅദനി തടവറയില്‍ കിടന്ന ഒമ്പതരക്കോല്ലത്തെക്കുറിച്ചെന്തുപറയുന്നു. ഒരു നേതാവ് ടി.വി ക്യാമറക്കുമുമ്പില്‍ പറഞ്ഞത് പണ്ട് ചെയ്ത ഉപകാരത്തിന് താങ്ക്‌സ് എന്ന വാക്കുപോലും പറയാത്തയാളാണ് മഅ്ദനി. അതുകൊണ്ട് നിയമം അതിന്‍രെ വഴിക്ക് പോകട്ടെ എന്നാണ്. എന്ത് ന്യായമാണിത്. താങ്ക്‌സ് പറയുന്നവര്‍്ക്ക് മാത്രം നീതി ലഭിക്കുകയ.ും അല്ലാത്തവര്‍ എന്ത് കൊടിയ നീതികേടിനിരയായാലും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുന്നവര്‍ക്ക് പൊതുപ്രവര്‍ത്തകരായിരി്ക്കാന്‍ എന്തര്‍ഹത. ഈ നേതാവിനെതിരെ ഒരിക്കല്‍ ഒരു കേസ് ചാര്‍ത്തപ്പെട്ടപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോട്ടേ എന്ന പറഞ്ഞില്ല്‌ലോ. വിമാനത്താവളത്തില്‍ കൊടികെട്ടി പത്രക്കാരെ ആക്രമിച്ച് വാനരസേനയെ കെട്ടഴിച്ചു വിടുകയാണല്ലോ ചെയ്തത്. ഇവിടെ മഅ്്ദനിയെ ഇരയാക്കി തീവ്രവാദം സൃഷ്ടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനക്ക് അറിഞ്ഞോ അറിയാതെയോ പിന്തുണ നല്‍കുകയാണ് ഇത്തരക്കാര്‍. . മതേതര ഭാരതം ഇത്തരം നീതി നിഷേധം അനുവദിക്കാന്‍ പാടില്ല. പ്രബുദ്ധ കേരളം ഈ അക്രമത്തെ ചെറുക്കണം. മഅ്ദനിയുടെ ജീവിതം ഒമ്പതര വര്‍ഷം ജയിലറക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ടു. അതേ മനുഷ്യനു നേരേ ഇനിയും നീതി നിക്ഷേധം ആവര്‍ത്തിക്കരുത്. മഅ്ദനിയോട് രാഷ്ട്രീയമായും മറ്റ് പല വിധത്തിലും എതിര്‍പ്പുകള്‍ ചിലപ്പോള്‍ നമുക്കുണ്ടാവാം. അതുകൊണ്ട് അദ്ദേഹത്തിന് നീതി നിക്ഷേധിക്കപ്പെടുന്നത് കണ്ടു നില്‍ക്കാന്‍ പാടില്ല. നിശ്ശബ്ദതയുടെ മുടുപടം നീക്കി നീതി കുഴിവെട്ടി മൂടുന്നതിനെതിരെ ശബ്ദിക്കുക. ഇല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല

Wednesday, June 30, 2010

ടി.ബാലകൃഷ്ണന്റെ കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍

പ്ലാച്ചിമടയിലെ ജലദൗര്‍ലഭ്യത്തിന്റെ കാരണമെന്ത്? പ്ലാച്ചിമടയില്‍ ജലചൂഷണം നടത്തിയതാര്? ഈ ചോദ്യങ്ങളുടെ ഉത്തരത്തെപ്പറ്റി വേറേ ആര്‍ക്കൊക്കെ സംശയമുണ്ടെങ്കിലും കേരളീയര്‍ക്ക് യാതൊരു സശയവുമില്ല. പക്ഷേ തെങ്ങ് നനക്കാന്‍ കര്‍ഷകര്‍ വെള്ളമൊഴിക്കുന്നതാണ് ജലദൗര്‍ലഭ്യത്തിന് കാരണമെന്നും കര്‍ഷകരും ആദിവാസികളുമാണ് ജലചൂഷകര്‍ എന്നും എഴുതിപ്പിടിക്കാന്‍ എത്രമാത്രം ചര്‍മ്മ സൗഭാഗ്യം വേണ്ടിവരും. ആ ചര്‍മ്മ സൗഭാഗ്യം ലഭിച്ചയാള്‍ കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി എന്നതാണ് നമ്മള്‍ കേരളീയരെ ലജ്ജിപ്പിക്കുന്നത്. കൊക്കോകോള തന്നെ വിഷമയമായ പദാര്‍ത്ഥമാണെന്നുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെ കാഡ്മിയവും ലഡും പോലെയുള്ള മാരക വസ്തുക്കള്‍ മാലിന്യമായി പുറം തള്ളുന്ന കോള അവ കര്‍ഷകര്‍ക്ക് ജൈവവളമെന്ന പേരില്‍ വിലക്ക് വിറ്റു കൃഷിയും മണ്ണും തകര്‍ത്തപ്പോള്‍ കോളക്കമ്പനി മലിനീകരണം നടത്തിയിട്ടില്ല എന്ന് പറഞ്ഞയാളിനെ എങ്ങനെ അംഗീകരിക്കാന്‍ കേരള ജനതക്ക് കഴിയും.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വ്യവസായ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കൊക്കോകോള സ്തുതി കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ അദ്ദേഹത്തി്‌ന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് അന്ന് വ്യാഖ്യാനിച്ചത്.
 ഒരു വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇങ്ങനെ സ്വന്തം അഭിപ്രായങ്ങള്‍ ഔദ്യോഗിക പരിപാടികളില്‍ ഛര്‍ദ്ദിച്ചു വയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യം നമുക്കു മറക്കാം. എന്നാല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച കെ.ജയകുമാര്‍ IAS അദ്ധ്യക്ഷനായ വിദഗ്ദ സമിതി മാസങ്ങള്‍ നീണ്ട പരിശ്രമ ഫലമായി പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്ടറി നടത്തിയ ജലചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ഫലമായുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കേരളത്തിലെ മറ്റെല്ലാ വകുപ്പുകളും മുഖ്യമന്ത്രിയും അംഗീകരിക്കുമ്പോള്‍ വ്യവസായ വകുപ്പിന്റെ അഭിപ്രായമായി ടി.ബാലകൃഷ്ണന്‍ കുറിച്ച വിയോജന നോട്ടുകളുടെ അര്‍്ത്ഥം എന്താണ്. ആദിവാസികളേയും കര്‍ഷകരേയും ജലചൂഷകരെന്ന് വ്യവസായവകുപ്പിന്റെ അഭിപ്രായമായി എഴുതിവെക്കാന്‍ ഈ ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യം വന്നു.  സ്വന്തമായി ചുട് ചോറ് കുട്ടിക്കുരങ്ങന്‍മാര്‍ വാരാറില്ലല്ലോ!. വ്യവസായ വകുപ്പിന്റെ നോട്ട് വായിക്കുമ്പോള്‍ തന്നെ അത് ബോധ്യപ്പെടും. പ്ലാച്ചിമട സമരം ബാഹ്യ ശക്തികള്‍ നടത്തിയ സമരമാണെന്ന് അതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഇതല്ലേ കിനാലൂരില്‍ നമ്മള്‍ വ്യവസായ മന്ത്രിയില്‍ നിന്ന് കേട്ട ശബ്ദം. കോഴിക്കോട്  അതേ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് കൊക്കോകോളയെ വാഴ്ത്തിയത് യാഥര്‍ശ്ചികമായി വന്നതല്ല. അതിലെ ഭാഷ വ്യവസായ മന്ത്രിയുടെ ഭാഷ തന്നെയാണ്. കുട്ടിച്ചാത്തന്‍ സേവക്കാര്‍ ചാത്തനെ ഉപയോഗിച്ച് ഇത്തരം പല അഭ്യാസങ്ങളും നടത്തുന്നതായി കഥകള്‍ കേട്ടിട്ടുണ്ട്. ഇവിടെ ബാലകൃഷ്ണനെക്കൊണ്ട് കുട്ടിച്ചാത്തന്‍ അഭ്യാസങ്ങള്‍ നടത്തുന്ന ചിലര്‍ മറക്ക് പിന്നിലിരുന്നു ചിരിക്കുന്നുണ്ട്. ഇത്തരം പാഴ്മരങ്ങളെ മാറ്റിനിര്‍ത്തുകയാണ് നാടിന് നല്ലത്. ഏതായാലും വന്‍മരങ്ങളുടെ തടസ്സവാദത്തെ തള്ളി പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണലിനെ നിശ്ചയിക്കാന്‍ തീരുമാനിച്ച മന്ത്രിസഭാ തീരുമാനം ആശാവഹമാണ്. ചാത്തന്‍മാരെ ഉപയോഗിച്ച് ഇത് മുടക്കാനുള്ള നീക്കം ഇനിയുമുണ്ടാകാം. കേരള ജനത ജാഗ്രത പാലിക്കുക