Thursday, August 12, 2010

കിനാലൂര്‍ സമരത്തിന്റെ ചരിത്ര രേഖയായി കിനാലൂര്‍ സമര സാക്ഷ്യം

കേരളത്തിലെ നവരാഷ്ട്രീയ മുന്നേറ്റങ്ങളില്‍ കിനാലൂര്‍ സമരം ഒരു നാഴികക്കല്ലാണ്.വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയില്‍ കിനാലൂരിലുള്ള 300 ഏക്കര്‍ ഭൂമിയിലേക്ക് 26 കിലോമീറ്റര്‍ നാലുവരിപ്പാത പണിയുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന സാധാരണക്കാരായ ജനതയാണ് കിനാലൂര്‍ സമരം നയിച്ചത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനമായ സി.പി.ഐ(എം) പൂര്‍ണ്ണ മുതലാളിത്തപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചതിന്റെ നേര്‍ സാക്ഷ്യമാണ് കിനാലൂര്‍ സമരത്തിലൂടെ തുറന്ന് കാട്ടപ്പെട്ടത്. 2010 മെയ് 6 ന് അമ്മമാരും സഹോദരിമാരും വൃദ്ധരുമുള്‍പ്പെടുന്ന ജനക്കൂട്ടം കിനാലൂരിലെ സങ്കല്പ പദ്ധതിയിലേക്കുള്ള റോഡിന് വേണ്ടി തങ്ങളുടെ കിടപ്പാടം അക്വയര്‍ ചെയ്യുന്നതിനായെത്തിയ സര്‍വ്വേ ഉദ്യോഗസ്ഥരെ തടയുകയും സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്യുന്നതിനിടെ പോലീസ് മുന്‍ നിശ്ചയിച്ചപ്രകാരം നടത്തിയ നരനായാട്ടും അതിനെ ന്യായികരിച്ചുകൊണ്ട് കേരള ഭരണം കൈയ്യാളുന്ന സി.പി.എം നേതൃത്വം നടത്തിയ ആക്രോശങ്ങളും കേരളം ഒരിക്കലും മറക്കാനിടയില്ല. സി.പി.എമ്മിന്റെ ഭാഷയില്‍ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെടുന്ന ജനങ്ങള്‍ ഭീകരരും മാവോയിസ്റ്റുകളും മത തീവ്രവാദികളുമാണ്. കാരണം അവര്‍ ചാണകം എന്ന മാരാകായുധം ഉപയോഗിച്ചത്രേ!. വ്യവസായ മന്ത്രി എളമരം കരീം നേതൃത്വം നല്‍കിയ ദുഷ്പ്രചരണങ്ങള്‍ സമരത്തെ കൂടുതല്‍ കരുത്തുള്ളതുമാക്കി. കിനാലൂര്‍ സമരത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന രേഖയായി കണക്കാവുന്നതാണ് സോളിഡാരിറ്റി കോഴിക്കോട് ജില്ല പുറത്തിറക്കിയ കിനാലൂര്‍ സമരസാക്ഷ്യം എന്ന പുസ്തകം. റഫീക്ക് റഹ്മാന്‍ മൂഴിക്കല്‍ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 3 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ഉമ്മന്‍ചാണ്ടി, എംജി.എസ്, എം.പി വീരേന്ദ്രകുമാര്‍, ബി.ആര്‍.പി ഭാസ്‌കര്‍, സി.ആര്‍ നീലകണ്ഠന്‍, യു.കെ കുമാരന്‍, പി.മുജീബ്‌റഹ്മാന്‍, റസാഖ് പാലേരി, ജി. നിര്‍മ്മല, ഫൗസിയ ഷംസ് എന്നിവരുടെ ലേഖനങ്ങളും കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ മാധ്യമം, മലയാള മനോരമ, മാതൃഭൂമി, ചന്ദ്രിക, വര്‍ത്തമാനം, മംഗളം തേജസ്, ജന്മഭൂമി എന്നീ ദിനപത്രങ്ങളില്‍ ഈ വിഷയത്തില്‍ വന്ന മുഖപ്രസംഗങ്ങളും മൂന്നാം ഭാഗത്തില്‍ കിനാലൂര്‍ സമര നേതാക്കളായ റഹ്മത്തുല്ല മാസ്റ്റര്‍, നിജേഷ് അരവിന്ദ്, ദേവദാസ് മോരിക്കര എന്നിവരുടെ ലേഖനങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നാട്ടിലെ കണ്ണ് കുഴിഞ്ഞ് കവിളൊട്ടിയ 'തീവ്രവാദിക'ളും നെഞ്ചുന്തി മെലിഞ്ഞുണങ്ങിയ 'ഭീകരവാദി'കളുമായ പച്ചമനുഷ്യര്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ പുസ്തകം കിനാലൂര്‍ സമരത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവംലബിക്കാവുന്ന ചരിത്ര രേഖയാണ്.

1 comment: